Sunday, July 18, 2010

കാലം

എനിക്ക് എഴുതേണ്ടതും പറയേണ്ടതും മാനം ചെയ്തുകൊണ്ടിരിക്കുന്ന അല്ലെങ്കില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാലത്തെക്കുറിച്ചാണു. പക്ഷെ എഴുതി കഴിയുമ്പോള്‍ അത് ചരിത്രത്തില്‍ എവിടെയോ എഴുതപെട്ടതായ് തോന്നുന്നു. ജന്മം ദാനമായ് തന്നവന്‍ കഴിവുകള്‍ എണ്ണിതിട്ടപെടുത്തിയപ്പോള്‍ പ്രവചനം എന്നത് എനിക്കു തന്നില്ല. അല്ലെങ്കില്‍ നാളെ ഉണരില്ല എന്ന് എഴുതിവച്ചിട്ടു ആത്മഹത്യ ചെയ്തേനേ. കൈകാലുകള്‍ ബ്ന്ദിച്ചു തുറങ്കിലടക്കപ്പെട്ടവന്റെ മുന്നിലേക്കു ഭക്ഷണം എടുത്തുവച്ചു ചിരിക്കുകയാണു ദൈവത്തിന്റെ വിനോദം എന്നു തൊന്നുന്നു. എന്റെ ബലഹീനതകള്‍ക്ക് ദൈവത്തെ പഴിക്കുന്നത് ഒരു ശീലമായിരിക്കുന്നു. ഒരു പക്ഷെ ദൈവം അതു അര്‍ഹിക്കുന്നില്ലായിരിക്കാം, പക്ഷെ ദൈവത്തില്‍ ആശ്രയിക്കുന്നതു പോലെ തന്നെയാണു കുറ്റപ്പെടുത്തുന്നത് എന്നു തോന്നുന്നു. യാന്ത്രികലോകമായ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ എന്റെ ബലഹീനതകള്‍ക്കും ബാലിശമായ സംശയങള്‍ക്കും ഉത്തരം കണ്ടെത്താന്‍ വര്‍ത്തമാനകാലത്തിന് പിടി കൊടുക്കാതെ പായുന്ന മനുഷ്യനെ ആശ്രയിക്കുവാന്‍ കഴിയില്ല. അല്ലെങ്കില്‍ പാവം മനുഷ്യനെ എന്തിനു ബുദ്ദിമുട്ടിക്കണം? കാലത്തിനൊപ്പം പോലും സജ്ജരിക്കാന്‍ കഴിയാത്ത എനിക്ക് കാലത്തിനേക്കാള്‍ വേഗത്തില്‍ സജ്ജരിക്കുന്ന സഹജീവിയോടു സംശയങള്‍ ഉന്നയിക്കാന്‍ എന്തവകാശം?. എന്നിലെ വിപ്ലവചിന്തകള്‍ക്ക് വിഷേഷണങള്‍ കണ്ടുപിടിക്കാന്‍ ശ്രമിക്കുകയാണു മനുഷ്യകുലത്തിന് കൂടുതല്‍ ഇഷ്ട്ടം.പിന്നെ ആരോടാണ് ഞാന്‍ ഉത്തരങള്‍ തേടേണ്ടത് ?
മനുഷ്യനെ രക്ഷിക്കുവാന്‍ വന്നിട്ടു കുരിശുമരണം ഏറ്റുവാങേണ്ടിവന്ന മിശിഹായോടോ? സഹനത്തിന്റെ ഭാരവും തേടി മരുഭൂമിയിലൂടെ അലഞ്ഞ് പരദേശിയായ നബിയോടോ? കര്‍മ്മം ചെയ്തുകൊണ്ടിരിക്കുക എന്നു ഉപദേശിച്ച ശ്രീ ക്രിഷ്ണഭഗവാനോടോ? ഇവരോടു അരോടും ചോദിക്കാന്‍ എനിക്കാവില്ല. എന്റെ മനസ്സിന്റെ വൈകാരിക ഭാവങളില്‍ നിന്നുണ്ടാകുന്ന വീര്‍പ്പുമുട്ടലില്‍ നിന്നും ഉദ്ഭവിക്കുന്ന ഈ ചോദ്യങള്‍ക്കുത്തരം തരാന്‍ കാലത്തിന് മാത്രമെ സാധിക്കു. അത് ഒരു പ്രതീക്ഷയാണ് .കാരണം കാലത്തിനൊപ്പം സജ്ജരിക്കാന്‍ അകാത്ത എനിക്കു കാലം ഉത്തരം നല്‍കും എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയില്ല. അതുമല്ല വര്‍ത്തമാനത്തെപറ്റി എഴുതി ചരിത്രത്തില്‍ എത്തിപോകുന്ന എനിക്ക് ഭാവിയെ പറ്റി ചിന്തിക്കാന്‍ കൂടി അവകാശമില്ല. പക്ഷെ വര്‍ത്തമാനം ചരിത്രത്തിന്റെ ആവര്‍ത്തനം ആണ് എന്ന് പറയുന്നതുപോലെ ഞാനും പ്രതീക്ഷിക്കുന്നു.

തന്നെ കുരിശില്‍ തറച്ച മനുഷ്യര്‍ പിന്നീടു മിശീഹായെ ദൈവമായ് മാറ്റിയതുപോലെ, ക്രിസ്തുവിന്റെ വരവിനായ് കാത്തിരിക്കുന്നതു പോലെ, നബിയെ മഹാപ്രവാചകനായ് മാറ്റിയ കാലം,കൊട്ടാരം വിട്ടലഞ്ഞ് ദുഖത്തിന്റെ കാരണം കണ്ടെത്താന്‍ മരച്ചുവട്ടിലിരുന്ന ഗൗതമിനെ ശ്രീ ബുദ്ധ അചാര്യനാക്കിയ കാലം എന്റെ ചൊദ്യങള്‍ക്കും ഉത്തരം നല്‍കുമെന്നു പ്രതീക്ഷിക്കുന്നു.നാളെ സൂര്യന്‍ ഉദിക്കുമെങ്കില്‍ പൂ വിരിയുമെങ്കില്‍ മഴ പെയ്തു മണ്ണും വിണ്ണും തെളിയുമെങ്കില്‍ എന്റെ മനസ്സിനും ഈ തടവറയില്‍ നിന്നും മോക്ഷം ലഭിക്കും.

അതെ അതാണു സത്യം!. മനുഷ്യന്റെ ചോദ്യങള്‍ക്കുത്തരം നല്‍കാന്‍, താന്‍ എന്തിനു ഈ ഭൂമിയില്‍ വന്നുവെന്ന് അവനെ അറിയിക്കാന്‍ , തന്റെ കടമയെന്തെന്ന് ബോന്ധ്യപ്പെടുത്താന്‍ ദൈവം ചുമതലപ്പെടുത്തിയ ഭ്രുത്യനാകുന്നു കാലം. ആ കാലമാണു സത്യം. ആ ഒഴുക്കില്‍ വെളിപ്പെടാത്തതും, ഉത്തരം ഇല്ലാത്തതുമായ് ഒന്നുമില്ല ഒന്നുമുണ്ടാവില്ല!.

No comments:

Post a Comment