Saturday, May 21, 2011

ഒറ്റക്കയ്യന്‍ മൃഗം




1987 june 7 ഞായറാഴ്ച സമയം പതിനൊന്നടുത്താവുന്നു . ശാന്തമായിരുന്ന പ്രസവ വാര്‍ഡിലേക്ക് ഒരു ഫോണ്‍ കോള്‍, മാസിക വായിച്ചിരുന്ന നേഴ്സുമാര്‍ ഉഷാറായ് . അന്ന് ഓഫ് എടുത്തിരുന്ന വീണ ഡോക്ടര്‍ ഓടിയെത്തി. അന്നമ്മ നേഴ്സു വരാന്തയിലൂടെ മേരിക്കുട്ടിയുടെ ഭര്‍ത്താവിനെ തേടി നടന്നു.
"കുഞേ കുഴപ്പം ഒന്നും വരില്ല ദേ ഡോക്ടര്‍ വരുന്നു" ആദ്യ പ്രസവത്തെ വെറുക്കാന്‍ തുടങിയിരുന്ന മേരിക്കുട്ടിയെ ചെല്ലമ്മ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു
ഓഫ് ഡേ നഷ്ടപെട്ട സങ്കടവും കളക്ടര്‍ പറഞ്ഞ വഴക്കിന്റെ ദേഷ്യവും എല്ലാം മുഖത്തുണ്ടെങ്കിലും അതെല്ലാം മറച്ചുവച്ച്
നിങളാണോ മേരിക്കുട്ടി ? നിങളുടെ ഭര്‍ത്താവ് വന്നിട്ടില്ലേ എന്നു വീണ ഡോക്ടര്‍ ചോദിച്ചു
" ഉണ്ട് ആ വരാന്തയിലെവിടേലും കാണും " ഭര്‍ത്താവെവിടെയെന്ന് അറിയില്ലാഞ്ഞിട്ടും മേരിക്കുട്ടി വേദന സഹിച്ചു പറഞ്ഞു
"ഈ ആശുപത്രി പരിസരത്തെങും ഇവളുടെ ഭര്‍ത്താവില്ല" നടന്നു ക്ഷീണിച്ച അന്നമ്മ നേഴ്സ് മേരിക്കുട്ടിയുടെ കള്ളം പൊളിച്ചു
"ഇതു നിങളുടെ അമ്മയാണോ" ചെല്ലമ്മയെ നോക്കി വീണ ഡോക്ടര്‍ ചോദിച്ചു
മേരിക്കുട്ടി പിന്നെയും കള്ളം പറഞ്ഞു "അതെ"!
മേരിക്കുട്ടിയെ ഓപ്പറേഷന്‍ റൂമിലേക്കു മാറ്റുന്നതിനിടെ ചെല്ലമ്മ തനിക്കു മനസ്സിലാവാത്ത പേപ്പറുകളില്‍ വിരലടയാളം പതിച്ചു.
മേരിക്കുട്ടിയുടെ ഭര്‍ത്താവ് കശാപ്പുകാരന്‍ ഇട്ടൂപ്പ് അപ്പോള്‍ അകന്ന ബന്ധത്തില്‍ പെട്ട കളക്ടര്‍ക്കു നന്ദി പറഞ്ഞ് ആശുപത്രിയിലേക്കു ഓടുകയായിരുന്നു.ആശുപത്രിയുടെ മുന്നിലെത്തിയപ്പോള്‍ അയാളുടെ കൈകാലുകള്‍ വിറക്കാന്‍ തുടങി. അവിടെ കണ്ട തമിഴന്റെ പെട്ടിക്കടയില്‍ ധൈര്യത്തിന് എന്തെങ്കിലും കിട്ടുമോ എന്നു തിരക്കി.
"തമ്പി ചാര്‍ളീ!! സാറുക്ക് തണ്ണി കൊട്റാ" തമിഴന്‍ തന്റെ ആറേഴു വയസ്സു തോന്നിപ്പിക്കുന്ന കുഞ്ഞിനെ നോക്കി അലറി
ചാര്‍ളിയുടെ വള്ളിനിക്കറില്‍ ഒളിപ്പിച്ചിരുന്ന കുപ്പിയില്‍ നിന്നും ധൈര്യം നേടി ഇട്ടൂപ്പ് ആശുപത്രിയിലേക്കു കയറി.
അപ്പൊഴേക്കും മേരിക്കുട്ടി ഒരു സുന്ദരി കുഞ്ഞിനു ജന്മം നല്‍കിയിരുന്നു. അവര്‍ ആ സുന്ദരിക്കുട്ടിയെ നീനയെന്ന് വിളിച്ചു. നീനയെ കണ്ട ഇട്ടൂപ്പിനു മേരിക്കുട്ടിയോട് സ്നേഹം കൂടി ആ സ്നേഹം മേരിക്കുട്ടിയേ പിന്നെയും ഗര്‍ഭിണിയാക്കി.മേരിക്കുട്ടി പിന്നെയും പെറ്റു അപ്രാവശ്യം ഒരാണ്‍കുഞ്ഞ് .ഇട്ടൂപ്പിന് രണ്ടു പെറ്റ മേരിക്കുട്ടിയോടുള്ള സ്നേഹമൊക്കെ കുറഞ്ഞു. ഇട്ടൂപ്പിന്റെ വീട്ടില്‍ വരവു തന്നെ വല്ലപ്പോഴും ആയി. മക്കളെ വളര്‍ത്താന്‍ മേരിക്കുട്ടി ജോലിക്കു പോയി.
അയനൂര്‍ ഗ്രാമം ഞായറാഴ്ചകളില്‍ ഉണരുന്നത് ഇട്ടൂപ്പ് തലക്കടിച്ചു കൊല്ലുന്ന കാളയുടേയും പശുവിന്റെയുമൊക്കെ കരച്ചില്‍ കേട്ടാണ്. ഞായറാഴ്ചകളില്‍ കശാപ്പും ബാക്കിയുള്ള ദിവസങ്ങളില്‍ മദ്യത്തില്‍ മുങ്ങിയും അയാള്‍ നടന്നു. ചിലപ്പോള്‍ ഓടയില്‍ ചിലപ്പോള്‍ കശാപ്പുശാലയില്‍ അതുമല്ലെങ്കില്‍ ശാപ്പില്‍ അയാള്‍ ഉറങ്ങി.
നീന വളര്‍ന്നു! ആരോടും അധികം മിണ്ടില്ലെങ്കിലും നിഷ്കളങ്കയായ കണ്ണുകളിലെ പ്രകാശം മങ്ങാത്ത അവളെ എല്ലാവരും സ്നേഹിച്ചു. അവളെ ശുണ്ടി പിടിപ്പിക്കാന്‍ കൂട്ടുകാര്‍ അവളുടെ അടുത്തു ചെന്ന് കാള കരയുന്നതുപോലെ കരയും ആദ്യമൊക്കെ അത് കേട്ട് അവളും കരഞ്ഞു പിന്നെ ചിരിച്ചു പിന്നെ ദേഷ്യത്തോടെ മുഖം തിരിച്ചു.നീന അപ്പനെ തിരിച്ചുകിട്ടാന്‍ മാതാവിനോട് ദിനവും തിരി കത്തിച്ചു പ്രാര്‍ത്ഥിച്ചു . മേരിക്കുട്ടി മക്കളുടെ ഭാവിയെക്കുറിച്ചു മാത്രം ഓര്‍ത്തു പ്രാര്‍ത്ഥിച്ചു . നീന പ്ലസ് ടു നല്ല ശതമാനത്തില്‍ പാസായ് മെരിക്കുട്ടിയും നീനയും കുഞ്ഞനിയനും മാതാവിനു നന്ദി പറഞ്ഞു. ഇട്ടൂപ്പും അതാഘോഷിച്ചു അയനൂര്‍ കവലയില്‍ ഇട്ടൂപ്പ് നൃത്തം വച്ചു. അവള്‍ക്കുവേണ്ടി ആ ഞായറാഴ്ച മുഴുത്ത കാളയേയും ആട്ടിന്‍ കുട്ടിയേയും കോടാലി കൊണ്ടു തലക്കടിച്ചു കൊന്നു, എങ്കിലും അയാള്‍ വീട്ടില്‍ പോയില്ല!.
കോളേജില്‍ ചേരാന്‍ കൊതിച്ചിരുന്ന നീനയെ മേരിക്കുട്ടി തന്റെ നിസഹായവസ്ഥ പറഞ്ഞു ബോധിപ്പിച്ചു. അങ്ങനെ നീന അയനൂരിലെ ഒരു തുണിക്കടയില്‍ ജോലിക്കാരിയായ് . പുസ്തകം പൊതിഞ്ഞിരുന്ന കൈകള്‍ തുണി പൊതിഞ്ഞു, എങ്കിലും ഒരു ജോലിക്കാരിയായതിന്റെ സന്തോഷത്തില്‍ അവള്‍ കോളേജ് ജീവിതത്തിന്റെ നഷ്ട്ടത്തെ മറന്നു. ടൗണിലെ പുതിയ മാളില്‍ തന്റെ കട ബ്രാഞ്ചു തുറന്നപ്പോള്‍ നീനക്ക് അങ്ങോട്ട് പോകേണ്ടിവന്നു. കൂടുതല്‍ ശമ്പളവും മമ്മിക്കും അനിയനും താമസിക്കാന്‍ വീടും തരാമെന്ന് പറഞ്ഞപ്പോള്‍ അവള്‍ മറ്റൊന്നാലോചിക്കാതെ സമ്മതം മൂളി.സ്വപ്നങ്ങളും മോഹങ്ങളും നിറഞ്ഞ മനസ്സുമായ് നീന അയനൂര്‍ വിട്ടു. മേരിക്കുട്ടിക്കു മോളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അഭിമാനം തോന്നി. മേരിക്കുട്ടി അവള്‍ക്കുവേണ്ടി അലോചനകള്‍ തുടങ്ങിയിരുന്നു.
2011 February 1 പെണ്ണുകാണല്‍ ചടങ്ങിനായ് നീന ഉച്ച കഴിഞ്ഞ് വീട്ടിലേക്കു തിരിച്ചു. ട്രെയിനിലെ ജനാലയിലൂടെ അവള്‍ അനുരാഗത്തോടെ ഭൂമിയെ നോക്കുന്ന ആകാശത്തെനോക്കി ഒന്നു ചിരിച്ചു. ഒഴിഞ്ഞു കടന്ന കംബാര്‍ട്ടുമെന്റില്‍ അവളും അവളുടെ സ്വപ്നങ്ങളും മാത്രം . കുറച്ചകലെ നിന്നും ഒരാള്‍ തന്നെ നോക്കുന്നത് നീന കണ്ടു. അയാള്‍ നീനയുടെ അടുത്ത സീറ്റില്‍ വന്നിരുന്നു. നീന മാതാവിന്റെ ലോക്കറ്റില്‍ മുറുകെ പിടിച്ചു എത്രയും ദയയുള്ള മാതാവിന്റെ പ്രാര്‍ത്ഥന ചൊല്ലാന്‍ തുടങ്ങി. പെട്ടെന്ന് അടുത്തിരുന്ന ഒറ്റക്കയ്യന്‍ അവളുടെ നേര്‍ക്കു ചാടിവീണു അവള്‍ കുതറിമാറി, അയാള്‍ അവളെ തന്നിലേക്ക് വലിച്ചടുപ്പിക്കാനും മാറോട് ചേര്‍ത്ത് അവള്‍ പിടിച്ച ബാഗിനെ അയാള്‍ പറിച്ചെടുക്കാനും നോക്കി തിരിഞ്ഞോടാന്‍ ശ്രമിച്ച അവളെ അവന്‍ വാതിക്കലേക്കു പിടിച്ചു തള്ളി, വീഴാതെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും അവള്‍ക്കു കഴിഞ്ഞില്ല
" ഈശൊ മറിയം ഔസേപ്പേ എനിക്കു കൂട്ടായിരിക്കണേ " നീനയുടെ കരച്ചിലില്‍ ആ പ്രാര്‍ത്ഥനയും കൂട്ടുചേര്‍ന്നു. പക്ഷെ ദൈവങ്ങളാരും എത്തിയില്ല
തീവണ്ടിപാളത്തിലേക്കു തന്നെ വലിച്ചെഴച്ച ഒറ്റക്കയ്യന്‍ മൃഗത്തിന്റെ ശക്തിയില്‍ ആ പനിനീര്‍പുഷ്പ്പം ചതഞ്ഞരഞ്ഞു. തന്റെ തലക്കുനേരെ ഉയര്‍ന്ന കരിങ്കല്ലു കണ്ടവള്‍ നിലവിളിച്ചു, പക്ഷെ മനുഷ്യ കുലത്തിലാരും അതു കേട്ടില്ല . പിന്നെ അവര്‍ കേട്ടത് വാര്‍ത്തകളായിരുന്നു. നേതാക്കള്‍ പ്രസംഗിച്ചു, സാംസ്ക്കാരിക നായകരും വനിതാപ്രവര്‍ത്തകരുമൊക്കെ കണ്ണീരൊഴുക്കി. വികാരങ്ങള്‍ എടുത്ത് മാറ്റപ്പെട്ട മനസ്സുമായ് നിന്ന മേരിക്കുട്ടി മാത്രം കരഞ്ഞില്ല. ഇട്ടൂപ്പ് ഓടി അവള്‍ ജനിച്ച ദിവസം ആശുപത്രിയിലേക്കോടിയതിനേക്കാള്‍ വേഗത്തില്‍, നീനയുടെ പൊതിഞ്ഞ ശരീരം കണ്ടയാള്‍ ലഹരിയില്ലാതെ അലറി. തന്റെ കോടാലിയടിയേറ്റു വീഴുന്ന കാളയെപ്പോലെ അയാള്‍ കുഴഞ്ഞുവീണു.
പോലീസ് ആ ഒറ്റക്കയ്യന്‍ മൃഗം ചാര്‍ളിയെന്ന തമിഴനെ അറസ്റ്റു ചെയ്തു. കുറച്ചുനാള്‍ ചര്‍ച്ച ചെയ്തിട്ടു പത്രങ്ങളും ജനവുമെല്ലാം നീനയെ മറന്നു. ചാര്‍ളി താന്‍ നിരപരാധിയാണെന്ന് കോടതിയില്‍ പറഞ്ഞു ആ മൃഗത്തിനുവേണ്ടി വേറെയും കുറേ മൃഗങ്ങള്‍ കോടതിയില്‍ വാദിച്ചു. എല്ലാം നഷ്ട്ടപ്പെട്ട മേരിക്കുട്ടി ഓര്‍ത്തു അന്നമ്മ നഴ്സിനെയും വീണ ഡോക്ടറേയും ചെല്ലമ്മയേയും തന്നോട് ഒട്ടികിടന്ന കുഞ്ഞിനേയും.ഇട്ടൂപ്പ് പിന്നെ കശാപ്പ് ചെയ്തില്ല അയാളുടെ കണ്ണില്‍ മുഴുവനും തലക്കടിയേറ്റ മകളായിരുന്നു. അവളുടെ ചിത്രം നോക്കി ഇട്ടൂപ്പ് ക്ഷമ ചോദിച്ചു കരഞ്ഞു.
അന്നത്തെ പത്രവാര്‍ത്ത കണ്ട ഇട്ടൂപ്പ് കരഞ്ഞില്ല പകരം അയാളുടെ രക്തം കട്ടപിടിച്ച കണ്ണുകള്‍ തിളച്ചു!!!
"തെളിവുകളുടെ അഭാവത്തില്‍ കോടതി ചാര്‍ളിയെ വെറുതെ വിട്ടു"
പിറ്റേന്നു രാവിലെ അയനൂര്‍ ഗ്രാമം ഒരു ഒറ്റക്കയ്യന്‍ മൃഗത്തിന്റെ കരച്ചില്‍ കേട്ടു , കുറേ നാളായ് കശാപ്പില്ലാതിരുന്ന കശാപ്പുശാലയില്‍ നിന്നും കേട്ട നിലവിളി അയനൂര്‍ ഗ്രാമത്തെ ഉണര്‍ത്തി. ഇറച്ചി കൊതിച്ചെത്തിയ ജനവും കാക്കകളും കാവാലി പട്ടികളും ആ കാഴ്ച കണ്ടു, രക്തത്തില്‍ കുളിച്ചു കിടന്ന ഒറ്റക്കയ്യന്‍ ചാര്‍ളിയേയും കാളയെറച്ചി തൂക്കിയിടുന്ന കയറില്‍ കിടന്നാടുന്ന ഇട്ടൂപ്പിനേയും.

No comments:

Post a Comment