
എന്റെ പേര് അലക്സ് , ജനനം 1983 മരണം 2009 അതെ രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ മരിച്ചു . അതിനുശേഷം പ്രായം കൂടിയിട്ടില്ലാത്തതിനാല്‍ ഞാന്‍ ഇന്നും ഒരു ഇരുപത്തിയാറുകാരനായ് തുടരുന്നു . മരിച്ചുവെങ്കില്‍ പിന്നെ ചിന്തിക്കുന്നതും സംസാരിക്കുന്നതും അത് എഴുതുന്നതുമൊക്കെ ആര് എന്ന്‍ നിങ്ങള്‍ക്ക് സ്വാഭാവികമായും ചിന്തിക്കാം അതിനുത്തരമായ് ഞാന്‍ എന്താ പറയുക ഞാന്‍ ജിവിച്ചിരുന്നപ്പോഴും അങ്ങനെ തന്നെയായിരുന്നു . ഞാന്‍ സംസാരിച്ചതാരും കേട്ടില്ല ഞാന്‍ എഴുതിയതാരും വായിച്ചതുമില്ല. ഏകാന്തത ഒരു ശാപമാണെന്ന് കേട്ടിട്ടില്ലേ ? എനിക്കങ്ങനെ തോന്നിയിട്ടില്ല, എന്റെ ഏകാന്തത ഞാന്‍ ആസ്വദിക്കുകയായിരുന്നു ഓരോ നിമിഷവും അതെനിക്കു സുഖവും ഉന്മാദവുമൊക്കെ തന്നു. എന്നെക്കാള്‍ നന്നായ് അത് ആരെങ്കിലും ആസ്വദിച്ചിട്ടുണ്ട് എന്നെനിക്കു തോന്നുന്നില്ല. ഒരു ചില്ലുകൊട്ടാരം പണിത് അതില്‍ നിന്നും പുറം ലോകത്തെ അകറ്റിനിര്‍ത്തി ഞാന്‍ ഞാനെന്ന സ്വാര്‍ഥന്‍ ജിവിച്ചു. പക്ഷെ മരണം എന്റെ കൊട്ടാരത്തെ തകര്‍ത്ത് എന്റെ സുഖത്തെ നശിപ്പിച്ച് എന്നെയും കൊണ്ടെങ്ങോട്ടോ പോയ് .
പിന്നെ കുറെ നാള്‍ ഞാന്‍ ഒന്നും അറിഞ്ഞില്ല, നിദ്ര സ്വപ്‌നങ്ങള്‍ പോലുമില്ലാത്ത നിദ്ര!. പിന്നിടെപ്പോഴോ ജീവിതം എന്നില്‍ നിന്നകന്നുപോയ് എന്ന സത്യം മനസ്സിലാക്കി ഞാന്‍ ഉണര്‍ന്നു. മരണം എന്റെ ചില്ലുകൊട്ടാരത്തെ ശവപറമ്പിലേക്ക് മാറ്റിയിരിക്കുന്നു , ദേഷ്യവും സങ്കടവും കൊണ്ട് ഞാന്‍ നിലവിളിച്ചു പക്ഷെ ഇവിടെയും അത് കേള്‍ക്കാന്‍ ആരുമുണ്ടായിരുന്നില്ല. പിന്നെയും ഞാന്‍ ഒറ്റക്ക് എന്ന്‍ നിങ്ങള്‍ ധരിക്കരുത് ഇവിടെ നിറച്ച് ആള്‍ക്കാരുണ്ട് കൊച്ചുകുട്ടികള്‍ മുതല്‍ മുത്തശന്മാര്‍ വരെ. ഇവിടെ കിടന്നു നോക്കിയാല്‍ സുര്യന്റെ അസ്തമയം കാണാം, പിന്നെ ചക്രവാളം മുറിച്ചുകടന്നു സുര്യന്‍ മറയുന്ന അതെ താഴ്വാരത്തിലേക്ക് പക്ഷികള്‍ കുടണയാന്‍ പോകുന്നതും കാണാം. അതിരാവിലെ സുര്യന്റെയും പക്ഷികളുടെയും മടങ്ങിവരവ് ആദ്യമായ് കാണുന്നതും ഞാനാണ്. എന്റെയടുത്ത് ആരോ ഒരു തണല്‍മരം വളര്‍ത്തിയിരിക്കുന്നു അതിനാല്‍ എനിക്ക് വെയിലും ഏല്‍ക്കില്ല. രാവിലെ ഇലകളില്‍ നിന്നും ഇറ്റുവിഴുന്ന മഞ്ഞുതുള്ളികള്‍ എന്റെ കണ്ണിലേക്കാണു വിഴുക. മരണത്തെ ഞാന്‍ അങ്ങനെ സ്നേഹിക്കാന്‍ ആരംഭിച്ചു ഇത്രയും സുന്ദരമായ് എന്നെ ആരും ഉണര്‍ത്തിയിട്ടില്ല ഇത്രയും സുന്ദരമായ കാഴ്ചകള്‍ ഇതിനു മുമ്പ് ഞാന്‍ കണ്ടിട്ടുമില്ല. അങ്ങനെ ഈ ശവപറമ്പിലെ ജിവിതം ഞാന്‍ ആസ്വദിക്കാന്‍ തുടങ്ങി .
ഒരു ദിവസം ഉച്ചമയക്കത്തില്‍ നിന്നും എന്നെ ഉണര്‍ത്തിയത് കുടണയാന്‍ പോയ പക്ഷികള്‍ അല്ലായിരുന്നു കരച്ചിലും നിലവിളിയും ആരൊക്കൊയോ ഒരു ശവപെട്ടിയും താങ്ങി വരുന്നു അവരുടെ കുടെ പള്ളീലച്ചനും കുറേ ജനങ്ങളും അവരുടെ കരച്ചിലും നിലവിളിയും സഹിക്കാവുന്നതിലും അപ്പുറം. എന്റെ സുഖജീവിതത്തിന്റെ അവസ്സാനമായിരുന്നു പിന്നീട്, അവര്‍ എന്റെയടുത്താണ് പുതിയ ആളെ കുഴിച്ചുമൂടിയത്. പിന്നെ കുറേ നാള്‍ ഒരു സ്വസ്തതയും ഇല്ല! വല്ലാത്ത നാറ്റവും രാവിലെയും വൈകിട്ടുമൊക്കെ പ്രാര്‍ഥനയും എന്റെയടുത്ത് അവര്‍ വീടുകെട്ടുന്ന അവസ്ഥ!, സഹിക്കെട്ട് ഞാന്‍ തിരിഞ്ഞുകിടന്നു .
താഴത്തെ വരിയിലെ പലിശകാരന്റെയോപ്പം വരില്ലെങ്കിലും ഒരുവിധം മനോഹരമായ കല്ലറയായിരുന്നു അവര്‍ എന്റെയടുത്ത് പണിതിട്ടത് . ഞാന്‍ വളഞ്ഞും തിരിഞും പാടുപട്ടത് വായിക്കാന്‍ ശ്രമിച്ചു റോയ് ജനനം 1985 മരണം 2011 . രണ്ടു ഇരുപത്തിയാറുകാരെ ഒരുമിച്ചിടാന്‍ അവര്‍ക്കെങനെ തോന്നി?
ചില വൈകുന്നേരങളില്‍ എന്റെ നെഞ്ജത്തിരുന്നു മദ്യപിക്കാനും മഞ്ഞപുസ്തകം വായിക്കാനും എത്തുന്നവരില്‍ നിന്നും അവന്റെ കഥ ഞാന്‍ കേട്ടറിഞ്ഞു.
അവന്‍ എന്നെപോലെയല്ല ലോകത്തിന്റെ പല ഭാഗങ്ങളും ഇത്രയും കുറച്ചുനാള്‍ കൊണ്ട് അവന്‍ കണ്ടിരുന്നു, ഇങ്ലീഷും ഹിന്ദിയും കൂടാതെ ഫ്രെഞ്ച് ഇറ്റാലിയന്‍ സ്പാനിഷ് തുടങ്ങിയ ഭാഷകളും അവനറിയാം. അവന്‍ എടുത്തതും വരച്ചതുമായ ചിത്രങള്‍ വക്കുകള്‍ക്കു വര്‍ണ്ണിക്കാന്‍ പറ്റാത്തത്ര സുന്ദരങ്ങളത്രെ. അവന്റെ അകാലമരണത്തില്‍ നാട് മൊത്തം കരഞ്ഞു, കടകള്‍ തുറന്നില്ല, വിദ്യാലയങ്ങളില്‍ കുട്ടികള്‍ കറുത്ത ബാഡ്ജ് ദരിച്ചു. അവന്റെ അല്പ്പായുസ്സിനെക്കുറിച്ചോര്‍ത്ത് എല്ലാവരും വിലപിച്ചു.അറിഞ്ഞോ അറിയാതയോ എന്റെ ഭ്രാന്തന്‍ മനസ്സ് അവനുമായ് എന്നെ സാമ്യപ്പെടുത്താന്‍ തുടങ്ങി. അവന്‍ കണ്ട ലോകങ്ങള്‍ അവന്‍ സംസാരിച്ച ഭാഷകള്‍ അവന്‍ എടുത്തതും വരച്ചതുമായ ചിത്രങ്ങള്‍ അവന്റെ വിടവാങ്ങലില്‍ വിലപിച്ച ജനങ്ങള്‍. എന്റെ ഭ്രാന്തന്‍ മനസ്സിന്റെ ചിന്തകളില്‍ ഞാന്‍ കോപിച്ചു , അവനെയും എന്നെയും എങ്ങനെ സാമ്യപ്പെടുത്താന്‍ കഴിയും? എന്നെക്കാള്‍ സുന്ദരമായ ജിവിതം വേറെ ആര്‍ക്കാണുള്ളത് കുറെ ഭാഷകള്‍ സംസാരിച്ച് കുറേ രാജ്യങ്ങളില്‍ കൂടി തെണ്ടി നടന്നു കുറെ പടമെടുക്കുന്നതില്‍ എന്ത് സുഖം ? ഒന്നുമില്ല ! പിന്നെ ചത്തുകഴിഞ്ഞിട്ടു ജനം വിലപിച്ചെട്ടെന്തുകാര്യം? അതിനേക്കാള്‍ എത്രയോ ഭാഗ്യവാനാണ് ഞാന്‍ ജീവിതത്തില്‍ ഒരുത്തരവാദിത്വത്തിലും ചെന്നു പെടാതെ സുന്ദരമായ എകാന്തജീവിതം, മരിച്ചുകഴിഞ്ഞപ്പഴോ താഴ്വാരത്തില്‍ നിന്നും സൂര്യന്‍ ഉണരുന്നതും പക്ഷികള്‍ കൂടണയുന്നതും ഒക്കെ കണ്ടു സുന്ദരമായ വിശ്രമം. എന്തുകൊണ്ടും ഞാന്‍ തന്നെയാണ് ഭാഗ്യവാന്‍ . തല തിരിച്ച് റോയിയെ നോക്കി പുച്ഛം തോന്നി പാവം എവിടെയൊക്കെ പോയി എന്തൊക്കെ കണ്ടു എന്തൊക്കെ പറഞ്ഞു എന്ത് ഭലം അവസാനം നീയും ഞാനുമെല്ലാം ദേ ഇവിടെ കിടക്കുന്നു. മരണത്തിനു ശേഷം നീയും ഞാനുമെല്ലാം ഒരുപോലെ!, വിലപിച്ച ജനവും ബന്ധുക്കളും എല്ലാം അകലെ! മരണത്തിനപ്പുറം എന്തു സ്നേഹം ? എന്നെ എന്റെ എകാന്തചില്ലുകൊട്ടാരത്തിലാക്കിയ സിന്ദാന്തങള്‍!! അവയെല്ലം സത്യങ്ങളാവുകയാണ് . സൂര്യന്‍ മറഞ്ഞിരിക്കുന്നു, അകാശത്ത് നക്ഷത്രങ്ങള്‍ നിറഞ്ഞിരിക്കുന്നു മാനത്തുനിന്നും കണ്ണിറുക്കി ചന്ദ്രന്‍ ഉറങ്ങാന്‍ അനുവാദം തന്നു.
സ്വപ്നങ്ങള്‍ എന്റെ മനസ്സില്‍നിന്നും അകന്നുപോയെന്നു ഞാന്‍ കരുതിയെങ്കിലും അതാ മാലാഖയെപ്പോലെ ഒരു പെണ്‍കുട്ടി എന്റടൂത്തേക്ക് നടന്നു വരുന്നു. അതെ അവള്‍ എന്റെടുത്തേക്കുതന്നെയാണു വരുന്നത് . മാലാഖയെപ്പോലെയെങ്കിലും അവളുടെ മുഖവും കണ്ണുകളും ദുഖത്താല്‍ താണിരിക്കുന്നു. ഒതുങ്ങിയിരുന്ന മുടികളില്‍ ചിലത് ഇടക്ക് ഇടക്ക് അലസ്സമായ് അഴിഞ്ഞു പറക്കുന്നു.എന്തിനാണ് നിന്റെ മുഖത്തീ ദുഖം അവളോട് ചോദിക്കുവാന്‍ തോന്നി, വേണ്ട അവളുടെ കൊലുസ്സിന്റെ സംഗീതത്തെ തടസ്സപ്പെടുത്തുന്നതെങ്ങനെ ? തണല്‍ മരത്തിന്റെ ചില്ലയില്‍ നിന്നും ഒരു മഴത്തുള്ളി എന്റെ കണ്ണില്‍ വീണു! ഞാന്‍ കണ്ണുതുറന്ന് താഴ്വാരത്തില്‍ നിന്നും മടങ്ങിവരുന്ന സൂര്യനെ നോക്കി പക്ഷെ അതിനേക്കാള്‍ ശോഭയോടൂകൂടി അവള്‍ അടുത്തേക്കുവരുന്നു. പ്രഭാതസൂര്യന്റെ ആഗമനത്തെ ഞാന്‍ സുന്ദരമായ കാഴ്ച്ച എന്നു വിളിച്ചെങ്കില്‍ അവളുടെ വരവിനെ ഞാന്‍ എങനെയാണു വര്‍ണ്ണിക്കുക. അതിസുന്ദരം! പണ്ടെപ്പോഴോ കണ്ട നാടകത്തിലെ വരികള്‍ ഓര്‍മ്മ വരുന്നു പ്രിയേ നിന്റെ സൗന്ദര്യം ഒരു നിമിഷം കൊണ്ടെന്നെ കലാകാരനാക്കിയിരിക്കുന്നു, ഒരടിമയെപ്പോലെ ഇതാ ഞാന്‍ നിന്റെ മുന്നില്‍ മുട്ടുകുത്തുന്നു!!!.
ഞാന്‍ അവളുടെ മുന്നിലല്ല അവള്‍ റോയിയുടെ മുന്നില്‍ മുട്ടുകുത്തി.എന്റെ വേദന ഞാന്‍ സഹിക്കാതെ നിവര്‍ത്തിയില്ല.
അവളുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു, കണ്ണുനീരില്‍ അവളുടെ മുഖം തിളങ്ങുന്നു.അവര്‍ സംസാരിക്കുകയാണ് പക്ഷെ അവരുടെ ഭാഷ എനിക്കു മനസ്സിലായില്ല. എന്നും പ്രഭാതസൂര്യന്റെയൊപ്പം അവള്‍ വന്നു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവളുടെ കരച്ചില്‍ മാറി ഇപ്പോള്‍ അവള്‍ സന്തോഷവതിയാണ്. അവര്‍ സംസാരിക്കുന്നതെന്തെന്നറിയാന്‍ ഞാന്‍ ഒത്തിരി ശ്രമിച്ചു പക്ഷെ കഴിഞ്ഞില്ല.
സ്നേഹത്തെയും അതു തന്ന ബന്ദനങ്ങളേയും എന്റെ ചില്ലുകൊട്ടാരത്തിനു പുറത്താക്കിയ സിദ്ദാന്തങ്ങളുടെ തോല്‍വി ഞാനിപ്പോള്‍ അറിയുന്നു. മരണത്തില്‍ അവസ്സാനിക്കാത്ത സ്നേഹം എന്തെന്ന് ഞാനറിയുന്നു ആ സ്നേഹത്തെ ഞാന്‍ കാണുന്നു പക്ഷെ അത് വര്‍ണ്ണിക്കുവാന്‍ എനിക്കു ആവില്ല കാരണം പ്രേമത്തിന്റെ ഭാഷ എന്തെന്നെനിക്കറിയില്ല. റോയിക്കു നെറ്റിയില്‍ ചുംബനം നല്‍കി അവള്‍ തിരിഞ്ഞു നടക്കുകയാണ് . താഴ്വാരത്തില്‍ നിന്നും മടങ്ങി വന്ന പക്ഷികള്‍ എന്നെ കളിയാക്കി പറന്നു പോയ്.......!.
No comments:
Post a Comment