Friday, December 16, 2011

മണ്‍വീണയില്‍ മഴ ശ്രുതി ഉണര്‍ത്തി

one of my favorite song from the nightingale of south India.
k s Chithra's amazing voice has done magic to this beautifully written song


Sunday, August 28, 2011

slow poisoning of india


The Slow Poisoning of India is a 26-minute documentary film directed by Ramesh Menon and produced by the New Delhi-based The Energy and Resources Institute (TERI). It deals with the dangers of excessive use of pesticide in agriculture. India is one of the largest users of pesticide in Asia and also one of the largest manufactures. The toxins have entered into the food chain and into our breakfast, lunch and dinner.
The film showcases startling case studies from Kerala where villagers in Kasaragod district are paying a heavy price as it has been exposed to pesticide spraying for many years. It talks of the health impacts in other parts of India and also on how the magic of the green revolution in Punjab is fading as land and water bodies have been poisoned.
But some farmers are bouncing back into better practices, and this is a silver lining shown towards the end. “Many farmers are now switching from chemcial to organic farming as they see that it is the only way out of getting into a spiralling whirlpool of debt created by the high cost of pesticides. Farmers like Tokia Modu in Warangal are waging a silent biological war against pests and are winning.

Monday, August 22, 2011

കുമ്പസാര രഹസ്യം

അള്‍ത്താരയുടെ പുറകില്‍ നിന്നും സജു തോമസച്ചന്‍ കുമ്പസാരിപ്പിക്കുന്നിടത്തേക്ക് നോക്കി !

"ഭാഗ്യം പാപികളെല്ലാം തീരാറായ് ഇയൊരണ്ണം കൂടി കഴിഞ്ഞാല്‍ രക്ഷപെട്ടേനെ" സജുവിന്റെ മാനസീകവിചാരങ്ങള്‍ ആ വിധമായിരുന്നു.

അനുസരണയും സഭയുടെ അചാരനുഷ്ടാനുങ്ങളോട് ബഹുമാനവും ഉള്ള ഒരു ശുശ്രൂഷകന്‍ ചിന്തിക്കാന്‍ പാടില്ലാത്തതാണെങ്കിലും സജുവിന് ഈ കുമ്പസാര പ്രക്രിയയില്‍ ഒരു വിശ്വാസവുമില്ലായിരുന്നു. പലരുടെയും പാപം പറച്ചിലുകള്‍ അവന്‍ കേട്ടിട്ടുമുണ്ട്, പതിവായ് ഒരേ പാപം പറയുന്നവരേയും സജുവിനറിയാം. കുമ്പസാരം വിശ്വാസികള്‍ പാപം ചെയ്യാതിരിക്കാന്‍ വേണ്ടി നിലകൊള്ളുന്ന അചാരം ആണെങ്കിലും ഭൂരിഭാഗം വിശ്വാസികളും അത് പാപം ചെയ്യാനുള്ള അനുവാദമായ് കാണുന്നുവെന്നും സജുവിന് പല വട്ടം തോന്നിയിട്ടുണ്ട്.
അത് മാത്രമല്ല ഇന്നു ഇന്ത്യ ഓസ്ട്രേലിയ മാച്ച് നടക്കുന്ന ദിവസമാണ് ഇതു കഴിഞ്ഞിട്ടു വേണം പള്ളി അടച്ച് താക്കോല്‍ മഠത്തില്‍ ഏല്പ്പിച്ച് വീട്ടിലേക്കോടാന്‍. തോമസച്ചന്‍ പുതിയതായ് വന്നതാണ് അതുകൊണ്ട് അച്ചനെ ഒന്നും ഏല്പ്പിക്കാനും പറ്റില്ല.

പള്ളിയുടെ ജനലുകളെല്ലാം അടച്ച് സജു അവസാനത്തെ പാപിക്കും തോമസച്ചനും ചില സൂചനകളൊക്കെ നല്‍കി. ഇപ്പോള്‍ പാപങ്ങള്‍ക്കു മറുപടിയായുള്ള തോമസച്ചന്റെ മൂളലുകള്‍ മാത്രമെ പള്ളിയില്‍ നിന്നും കേള്‍ക്കാനുണ്ടായിരുന്നുള്ളു. പിന്നെ ഇതെല്ലാം കണ്ടുകൊണ്ട് പള്ളിയുടെ മേല്‍ക്കൂരയില്‍ താമസിച്ചിരുന്ന പ്രാവുകളും ചില സ്വരങ്ങളൊക്കെ പുറപ്പെടുവിച്ചു.

വാതില്‍ പൂട്ടാനുള്ള താക്കോലുമായ് വരുമ്പോഴാണ് സജു ടോമിച്ചന്റെ വിളി കേട്ടത്!

കുഞ്ഞേ ! പൂട്ടല്ലേ കുഞ്ഞേ............! അതും പറഞ്ഞ് ടോമിച്ചന്‍ പടി കയറി വരികയാണ്

"ഹൊ തീര്‍ന്നെന്നു കരുതിയപ്പൊഴാ!.."

"ഒരു രണ്ട് മിന്നുറ്റെടാ മോനേ,നിനക്കറിയത്തില്ല്യൊ ടോമിച്ചന് എത്ര നേരം വേണോന്ന്?"

" ടോമിച്ചന്‍ ചെല്ലന്നേ അച്ചന്‍ എഴുന്നേറ്റ് പോവും മുമ്പ് ..."

ടോമിച്ചന്‍ പറഞ്ഞത് ശരിയാണ് പുള്ളിക്കാരന്റെ പതിവു പല്ലവികള്‍ രണ്ട് മിനുറ്റുകൊണ്ട് തീരും. അതു പോലെ സജു വേറൊരു കാര്യവും ഓര്‍ത്തു തോമസച്ചന്‍ ആദ്യമായാണ് ടോമിച്ചന്റെ കുമ്പസാരം കേള്‍ക്കാന്‍ പോവുന്നത്. അതോര്‍ത്ത് സജു ചിരിച്ചു പോയ് കാരണം ടോമിച്ചന്‍ പാപങ്ങള്‍ക്കെല്ലാം ഓരോ കോഡ് നാമം വച്ചിട്ടുണ്ട് അതൊന്നും പാവം തോമസച്ചനറിയില്ല.

ഇതൊന്ന് കണ്ടിട്ടു തന്നെ കാര്യം സജു ഉറപ്പിച്ചു.

കുമ്പസരക്കൂടിനടുത്തുള്ള ജനായിലെ വിടവിലൂടെ സജു അകത്തേക്കു നോക്കി

ടോമിച്ചന്‍ മുട്ടുകുത്തി നില്‍ക്കുകയാണ്, തോമസച്ചന്‍ കുമ്പസരക്കൂട്ടില്‍ ഒന്നു തട്ടി വരാനുള്ള സിഗ്നല്‍ നല്‍കി

" കര്‍ത്താവെ എന്റെ പാപങ്ങള്‍ പൊറുക്കേണമേ" ടോമിച്ചന്‍ പതിവു ശൈലിയില്‍ കാര്യങ്ങള്‍ തുടങ്ങി

" രണ്ടാഴ്ചയായ് കുമ്പസരിച്ചിട്ട്" തോമസച്ചന്‍ പതിവുപോലെ മൂളല്‍ ആവര്‍ത്തിച്ചു.

"വളവിലെ എല്‍സയുമായിട്ട് റബര്‍ തോട്ടത്തില്‍ ചുള്ളി പറക്കാന്‍ പോയിട്ടുണ്ട്"

പതിവു പോലെ മൂളാന്‍ കാത്തിരുന്ന തോമസച്ചന്‍ ഒന്നു ഞെട്ടി! കര്‍ത്താവെ റബര്‍ തോട്ടത്തില്‍ ചുള്ളി പറക്കാന്‍ പോകുന്നത് ഒരു പാപമാകുമോ? ഗ്യാസ് കണക്ഷന്‍ ഒന്നുമില്ലാത്ത ഈ ഗ്രാമത്തില്‍ റബര്‍ തോട്ടത്തില്‍ പോയ് ചുള്ളി പറക്കി അടുപ്പ് കത്തിക്കുന്നത് ഒരു പാപമല്ല.

ഇതു കേട്ട് സജു ശരിക്കും ചിരിച്ചു പോയ് കാരണം വളവില്‍ എല്‍സ ടോമിച്ചന്റെ ഒരു ചുറ്റിക്കളിയാണ്. റബര്‍ തോട്ടത്തില്‍ ചുള്ളി പറക്കുക എന്നതു കൊണ്ട് പുള്ളിക്കാരന്‍ ഉദേശിച്ചത് രതിനിര്‍വ്വേദവും . ടോമിച്ചന്‍ തുടരുകയാണ്

"പള്ളി സിമിത്തേരിയില്‍ കൂട്ടപ്രാര്‍ത്ഥന നടത്തിയിട്ടുണ്ട്"

ഇപ്പൊഴും ഞെട്ടിയത് തോമസച്ചനാണ്! കര്‍ത്താവെ ഈ പഹയന്‍ എന്നെ കളിയാക്കുകയാണോ?ചിലപ്പോള്‍ പള്ളിക്കകത്തു കേറാതെ സിമിത്തേരിയില്‍ പോയി പ്രാര്‍ത്ഥന നടത്തിയതാവം പാപം എന്നു കരുതി തോമസച്ചന്‍ അടുത്ത പാപത്തിനായ് ചെവികൂര്‍പ്പിച്ചു.

കാര്യം പിടികിട്ടിയത് സജുവിനു മാത്രം പോലീസുകാര്‍ക്ക് എളുപ്പം പിടികിട്ടാത്ത പള്ളിസിമിത്തേരിയിലാണ് ടോമിച്ചന്റെ മാദ്യപാനവും കഞ്ജാവു വലിയും അതാണ് അശാന്‍ കൂട്ടപ്രാര്‍ത്ഥനയാക്കിയത്.

"പള്ളിതോട്ടത്തില്‍ നിന്നും ഇല മോഷ്ട്ടിച്ചിട്ടുണ്ട്"

സാരമില്ല! ഇലയല്ലേ വല്ല ക്രുഷിക്കും വളമിടാനെന്നു തോമസച്ചന്‍ കരുതി !

സജു വാ പൊത്തി ചിരിക്കാന്‍ തുടങ്ങിയിരുന്നു. വെറും ഇലയല്ല പള്ളിയുടെ വെറ്റില പ്ലാന്റില്‍ നിന്നും വെറ്റില മോഷ്ട്ടിച്ച കാര്യമാണിത്. ഹമ്പട ടോമിച്ചായ ഇതു അപാര കുമ്പസരം തന്നെ.

"അന്യമതസ്ഥന്റെ കടയില്‍ നിന്നും ജ്യൂസ് കുടിച്ചിട്ടുണ്ട് "

തോമസച്ചന്‍ ടോമിച്ചനെ മുഴുവിപ്പിക്കാന്‍ അനുവദിപ്പിക്കാതെ ചോദിച്ചു , "അതെങ്ങനാ ഒരു പാപമാകുന്നേ?"

അച്ചാ അത് ജ്യൂസ് കടയല്ല സോമന്‍ ചേട്ടന്റെ കള്ളുശാപ്പാണെന്ന് വിളിച്ചു പറയാന്‍ തോന്നി സജുവിന്. പക്ഷെ അപ്പൊഴേക്കും ടോമിച്ചന്‍ അതിലെ പാപം വിവരിക്കാന്‍ തുടങ്ങിയിരുന്നു.

" അതല്ലച്ചാ ആ സോമന്‍ ജ്യൂസില്‍ എന്തോ പൊടി ചേര്‍ത്തു, അതിന്റെതാവാം ഞാന്‍ ബോധം കെട്ട് ഓടയില്‍ വീണുപോയ് രാവിലെയാ വീട്ടിലെത്തിയത് . അപ്പോഴും ശരിക്കും ബോധമില്ലായിരുന്നു. പിള്ളാരുടെ മുന്നില്‍ വച്ച് ഞാനെന്റെ സാലിയെ ഉമ്മ വച്ചച്ചോ!!"

"ഹ അത് കുഴപ്പമില്ല പിള്ളാര് അപ്പനമ്മമാരുടെ സ്നേഹം കണ്ടാ വളരേണ്ടത് " തോമസച്ചന്‍ ഉപദേഷിച്ചു.

ഈശോയെ എന്നാണോ ടോമിച്ചന്‍ സാലി ചേച്ചിയെ ഉമ്മ വച്ചത് ? ഈ ഉമ്മ എന്നത് പുള്ളിക്കാരന്റെ ഇടിയുടെ കോഡ് നാമമാണെന്നത് പാവം തോമസച്ചനറിയുന്നില്ലല്ലോ!

കുറച്ച് നേരത്തേക്ക് ടോമിച്ചന്‍ ഒന്നും മിണ്ടാതിരുന്നപ്പോള്‍ തോമസച്ചന്‍ പ്രായശ്ചിത്തം നല്‍കാനുള്ള ചിന്തയിലായ്.ആ മുഖം കണ്ടാലറിയാം ഇത്രയും ക്രൂരമായ പാപങ്ങള്‍ക്ക് എന്തു പ്രായശ്ചിത്തം നല്‍കണമെന്ന് അച്ചനൊരു പിടിയുമില്ലെന്ന്.

സജു താക്കോലുമായ് വാതില്‍ക്കലേക്കു പോയി.തോമസച്ചന്‍ ഈ കുമ്പസരത്തിന്റെ അര്‍ത്ഥവും വ്യാപ്തിയും ഒന്നും മനസ്സിലാകാതെ പള്ളിമേടയിലേക്കു നടക്കാന്‍ തൂടങ്ങിയിരുന്നു.

ടോമിച്ചന്‍ തന്റെ പാപക്കറയെല്ലാം കഴുകി കളഞ്ഞ് നിഷ്ക്കളങ്കനായ ഒരു കുഞ്ഞാടായ് പടിയിറങ്ങി പോകുന്നത് സജു നോക്കിനിന്നു. ഇതെല്ലാം നിരീക്ഷിച്ചു പള്ളിയുടെ മേല്‍ക്കൂരയിലിരുന്ന പ്രാവുകളുടെ കുറുകലില്‍ ഒരു പരിഹാസച്ചുവയുള്ളതായ് സജുവിനു തോന്നി.

Saturday, June 18, 2011

ചിന്നമ്മ എന്ന കാവല്‍ക്കാരി

സുധേ! സുധേ!

ചിന്നമ്മയുടെ പതിവില്ലാത്ത വിളി കേട്ടാണ് സുധ രാവിലെ വാതില്‍ തുറന്നത്

എന്താ ചിന്നേച്ചീ!?

മോളേ അജയനെന്തിയേ?

ചിന്നമ്മയുടെ മുഖഭാവത്തില്‍നിന്നും എന്തൊ പ്രശ്നമുണ്ടെന്ന് സുധക്ക് വ്യക്തമായ്

അജയേട്ടന്‍ കവലയിലേക്ക് പോയല്ലോ ചിന്നേച്ചീ !! എന്താ കാര്യം

മോളേ അവന്‍ ജയിലീന്നിറങീട്ടുണ്ട് ! ആ രാഘവന്‍.. രാവിലത്തെ ബസിലുണ്ടെന്നാ കേട്ടത്

നേരാണോ ചിന്നേച്ചീ? ദേവി എന്താ ചെയ്യ ആ നാശം ഇത്ര പെട്ടെന്ന് ഇറങ്ങിയോ, അജയേട്ടനെ കണ്ടാല്‍ ഈശ്വരാ ഓര്‍ക്കാന്‍ വയ്യ

സുധ തളര്‍ന്നിരുന്നു!!!!

മോളേ ഞാന്‍ കവലയിലോട്ട് ചെല്ലട്ടെ അജയനോട് ഇവിടുന്ന് മാറാന്‍ പറയണം, കുറച്ച് നാളത്തേക്ക് നിന്റെ വീട്ടിലോട്ടെങ്ങാനും പൊക്കോ അവന്‍ കൊല്ലാനുള്ളപകയുമായിട്ടാ ഇറങ്ങിയിട്ടുള്ളത് അതുറപ്പാ......

കവലയിലേക്ക് ഓടുന്നതിനിടയില്‍ ചിന്നമ്മ വിളിച്ചുപറഞ്ഞു....

റബര്‍ തോട്ടത്തിനിടയില്‍ കൂടി ബസ് വരുന്നത് കണ്ട് ചിന്നമ്മ കവലയില്‍ ദേവസ്യയെ നോക്കി ചോദിച്ചു

ദേവസ്യേ അജയനെന്തിയേ???

ചിന്നേച്ചീ അവനെ നമ്മള് മാറ്റിയിട്ടുണ്ട് !! നിങ്ങളാ പെണ്ണിനേം പിള്ളേരേം വിളിച്ചോണ്ട് വീട്ടിലോട്ട് പൊക്കോ

ദേവസ്യയുടെ സ്വരത്തില്‍ ആപത്ത് പ്രതീക്ഷിക്കുന്നതിന്റെ അടയാളവും ഭയവും മുഴങ്ങിക്കേട്ടു

ബസില്‍ നിന്നിറങ്ങിയ രാഘവനെ കണ്ട് നാട്ടുകാര്‍ ഒന്ന് സ്തംഭിച്ചു, ജയിലില്‍ കിടന്നതിന്റേതായ ഒരു മാറ്റവും അയാള്‍ക്കില്ല പഴയ ഉറച്ച ശരീരവും കൂര്‍ത്ത മുഖവും പേടിപ്പിക്കുന്ന കണ്ണുകളും അതുപോലെ . ആ കണ്ണുകളിലും നോട്ടത്തിലും അയാള്‍ക്കുള്ളില്‍ തനിക്കെതിരെ സാക്ഷി പറഞ്ഞവനെതിരെയുള്ള പകയാണെന്ന് നാട്ടുകാര്‍ വായിച്ചെടുത്തു.

രാഘവന്‍ ചുറ്റും നോക്കി തന്നെ നാട്ടുകാര്‍ ഇപ്പൊഴും ഭയപ്പെടുന്നുവെന്ന് അയാള്‍ക്ക് വ്യക്തമായി, അതിന്റെ അടയാളമായ് ചിലര്‍ എഴുന്നേറ്റ് നില്‍ക്കുന്നതും അയാള്‍ കണ്ടു. പണത്തിനു വേണ്ടി എന്തും ചെയ്തിരുന്ന പഴയ രാഘവനല്ല താനെന്ന് വിളിച്ചുപറയാന്‍ അയാള്‍ക്ക് തോന്നി പക്ഷെ അതിനു മുതിരാതെ തല താഴ്ത്തി നടക്കാനേ രാഘവന് കഴിഞ്ഞുള്ളു. ദേവസ്യയുടെ കടയുടെ പുറകില്‍ നിന്നും ആ നടപ്പ് ചിന്നമ്മ നോക്കി നിന്നു. ആ നടപ്പിലെ നല്ല സൂചനകള്‍ കണ്ടുനിന്നവര്‍ മനസ്സിലാക്കും മുമ്പേ ചിന്നമ്മ ദേവസ്യയോടു പറഞ്ഞു
നിങ്ങള്‍ അജയനെ മാറ്റിയിട്ടുണ്ടെന്ന് അവനറിയാം അത് തന്ന ഒരക്ഷരം മിണ്ടാതെ നടക്കണത്, ആ നടപ്പ് കണ്ടാല്‍ അറിഞ്ഞൂടേ ദേഷ്യം കടിച്ചുപിടിച്ചാ പോണതെന്ന് !!

ഭാഗ്യം അജയനെ കാണാത്തത് കണ്ടിരുന്നേല്‍ ഇന്ന് തന്നെ അവന്റെ കാര്യം തീര്‍ന്നേനേ

ദേവസ്യയുടെ കടയില്‍ ഇരുന്നവരില്‍ ഒരാള്‍ പറഞ്ഞു.

സുധേ ! വാതില്‍ തുറക്ക് മോളേ

ചിന്നേച്ചീ അങ്ങേരെത്തിയോ എന്തായീ???

സൂക്ഷിക്കണം മോളേ അജയനെ മാറ്റിയിട്ടുണ്ട്, പക്ഷെ അവന്‍ കവലയില്‍ നിന്നൊരു പ്രകടനം നടത്തിയിട്ടാ പോയേക്കണത് ജയിലില്‍ കിടന്നിട്ടും ഒരു മാറ്റവുമില്ല പക ഇരട്ടിച്ചിരിക്കണന്നാ പറയേണ്ടത്....

അജയേട്ടനെപറ്റി എന്തേലും ??

കൊലവിളി നടത്തിയിട്ടാ പോയത് , കാണാഞ്ഞത് ഭാഗ്യം ! മോള്‍ടെ ഭാഗ്യന്ന് പറഞ്ഞാല്‍ മതീല്ലൊ!!!!

ചിന്നേച്ചി ഉള്ളതാ എനിക്കൊരു ധൈര്യം !!

അതെനിക്കറിയാം മോളെ! ഞാന്‍ ഉള്ളിടത്തോളം കാലം അവനീ മുറ്റത്ത് കേറത്തില്ല അത് ഞാന്‍ നോക്കികോളാം!!!

ഇതാ ചിന്നേച്ചി ഇതു വച്ചോ!!!


സുധ ചിന്നമ്മയുടെ കയ്യിലേക്ക് രണ്ട് നൂറിന്റെ നോട്ട് വച്ചുകൊടുത്തു!

ചിന്നമ്മ തന്റെ ജോലി പൂര്‍ത്തിയാക്കി കൂലിയും വാങ്ങിയ സന്തോഷത്തില്‍ നടന്നു, സുധ വാതിലും പൂട്ടി പൂജാമുറിയിലേക്ക് പോയി. ആ പകല് മുഴുവനും രാഘവിന്റെ വരവായിരുന്നു ഏവരുടേയും സംസാരവിഷയം. പഴയ കഥകള്‍ കുഴിതോണ്ടിയെടുത്തും രാഘവന്റെ പകയെ പറ്റി വാചലരായും സുധയേയും അജയനെയുംക്കുറിച്ച് സഹതപിച്ചുമൊക്കെ നാട്ടുകാര്‍ രാഘവന്റെ വരവ് ഒരു സംഭവമാക്കി

ചുവപ്പണിഞ്ഞ ആകാശത്തിലൂടെ പക്ഷികള്‍ കൂടണയാന്‍ യാത്രയാവുന്നു, റബര്‍മരങ്ങള്‍ തങ്ങളറിഞ്ഞ രഹസ്യം പരസ്പരം കൈമാറി ചര്‍ച്ചയിലേര്‍പ്പെടുന്നതുപോലെ ശിഖരങ്ങള്‍ തമ്മിലുരസി പിറുപിറുക്കുന്നു. അവയെ തൊട്ടുതലോടി ഒരു കുളിര്‍കാറ്റ് ചൂടുപിടിച്ച ഭൂമിയെ തഴുകി ശാന്തമാക്കനുള്ള ശ്രമത്തിലേര്‍പ്പെട്ടു.

കുഞ്ഞൂട്ടന്‍ ഓടുകയായിരുന്നു ചെരുവിലെ മാധുവിന്റെ വീട്ടിലേക്ക്!!

മാധുവേച്ചിയേ !! കതക് തുറക്ക് കുഞ്ഞൂട്ടനാ

കുറച്ച് കഴിഞ്ഞിട്ടും അനക്കമൊന്നും കേള്‍ക്കാത്തതിനാല്‍ കുഞ്ഞൂട്ടന്‍ കതകില്‍ തട്ടി പിന്നെയും വിളിച്ചു

അകത്തൊണ്ടെന്നെനിക്കറിയാം കതക് തുറക്കെന്നേ.....

അഴിഞ്ഞുകിടന്ന മുടിയൊതുക്കി മാറിലേക്കൊരു തോര്‍ത്തും വലിച്ചിട്ട് മാധു കതക് തുറന്നു.!

എന്താടാ ചെറുക്കാ വിളിച്ചു കൂവുന്നത് ഉറങ്ങാനും സമ്മതിക്കേലേ?

മാധുവേച്ചി ഉറങ്ങിക്കോ പക്ഷെ ആശാനെ ഇങ്ങോട്ട് ഇറക്കിവിട്!!

ആശാനോ? ഏതാശന്‍ ? ഇവിടൊരാശനും ഇല്ല.

വേലയിറക്കല്ലേ മാധുവേച്ചി , ആശാനിവിടുണ്ടെന്നെനിക്കുറപ്പാ. പിന്നെ ആകെ വിയര്‍ത്തിരിക്കുന്നു പൊയ് കുളി ആ നേരമെങ്കിലും ഞാന്‍ ആശാനെയൊന്നു കണ്ടോട്ടെ...ഹാ വിളി മാധുവേച്ചി!!!

കിടന്ന് കൂവാതട ചെറുക്കാ രാഘവേട്ടന്‍ ഉറക്കവാ

മ്മ്മ്മ്...രാഘവേട്ടന്‍!!! തളര്‍ന്നുറങ്ങിയതായിരിക്കും!!


ഈ ചെറുക്കനങ്ങോട്ട് വളരണില്ലല്ലോ മാധൂ!!!

ചെറിയ ചിരിയുമായ് രാഘവന്‍ വെളിയിലോട്ടെറങ്ങി വന്നു.

എങ്ങനെ വളരും ? അവന്റെ കൈവേല കുറക്കാന്‍ പറ!. മാധു അകത്തേക്ക് കേറി പോവുന്നതിനിടയില്‍ കുഞ്ഞൂട്ടനെ കളിയാക്കി

ആശാനേ! ഒരു മാറ്റവുമില്ലല്ലോ...കലക്കി ആശാനെ ജയിലില്‍ കിടന്ന് നശിക്കുമെന്ന് പറഞ്ഞവന്മാരൊക്കെ ഇനി പേടിച്ചു മുള്ളും!

അതെ ഇങ്ങനെ ഇവിടെ കേറി അടയിരുന്നാല്‍ മതിയോ പണി തൊടങ്ങണ്ടേ??

തിരിച്ച് രാഘവന്‍ മറുപടി ഒന്നും പറയുന്നില്ല എന്നു മനസ്സിലാക്കി കുഞ്ഞൂട്ടന്‍ തുടര്‍ന്നു

ഞാന്‍ റെഡിയാ, ആശാനൊന്നു മൂളിയാല്‍ മതി.

എന്തു പണിയാ കുഞ്ഞൂട്ടാ????

ഹ! ഇതു നല്ല ചോദ്യം ആ അജയന്‍ പന്നിടേം പിന്നെ അവന് വക്കാലത്ത് ചെയ്ത് കൊടുക്കുന്ന കുറേ പന്നന്മാരുടേയും കച്ചവടം തീര്‍ക്കണം !. ഇനി ഒരുത്തനും ആശാനെതിരെ സാക്ഷിയെന്ന് പോട്ടേ കൈ പൊക്കാന്‍ പോലും ധൈര്യം കാണിക്കരുത്!

അതോ? മ്മ്...രാഘവന്‍ ഒന്നു മൂളുക മാത്രം ചെയ്തു.

ആശാന് ഞാനൊരു ടൂള്‍ കൊണ്ടുവന്നിട്ടുണ്ട്, ടൗണീന്നു പൊക്കിയതാ...അത് പറഞ്ഞ് കുഞ്ഞൂട്ടന്‍ തന്റെ അരയില്‍ തിരുകിയിരുന്ന തോക്കെടുത്ത് രാഘവനു നേരെ നീട്ടി.

ഇതുകൊണ്ട് അവന്റെ പള്ളേല് തൊളയിടണം!!!

രാഘവന്‍ തോക്ക് മേടിച്ചതിനുശേഷം ഒന്നും മിണ്ടാതെ കുറച്ച് നേരം ആലോചിചിരുന്നു

കുഞ്ഞൂട്ടാ തോക്ക് ഭീരുവിന്റെ ആയുധമാണ്!. ഒരു വെടി കൊണ്ട് എന്റെ ശത്രുവിനെ എനിക്കു നശിപ്പിക്കാമെങ്കില്‍ ആ യുദ്ധത്തിലെന്താ ഒരു ത്രില്‍ ഹേ??

അപ്പോ ആശാന്റെ പ്ലാന്‍ എന്തുവാ?

പ്ലാന്‍ ഇന്നു രാത്രി നമ്മളിവിടം വിടുവാ ഒരിക്കലും തിരിച്ചു വരാത്ത ഒരു യാത്ര ദൂരേക്ക്...

ഹ ! അപ്പൊ ആ പന്നനോ ആശാനേ ! അവനൊരു പണി കൊടുക്കാതെ ഞാനെങ്ങോട്ടും ഇല്ല, ആശാനെ അങ്ങനെ പേടിച്ചോടാന്‍ വിടത്തുമില്ല

പേടിച്ചോട്ടം ഒന്നുമല്ല കുഞ്ഞൂട്ടാ അവന് നമ്മക്ക് പണി കൊടുക്കാം , അതിനിപ്പൊ ഇവിടെ നിക്കണോന്നുണ്ടോ?ടൗണില്‍ ഇതിലും മികച്ച ഒരു പണി കണ്ടുവച്ചിട്ടാ നിന്നെ വിളിക്കണത്....

ഞാന്‍ വരാം പക്ഷെ ആശാന്‍ ഉറപ്പായിട്ടും ആ പന്നന്‍ അജയനും അവന്റെ കൂടെ നടക്കണ കുറേ പേപ്പട്ടികള്‍ക്കും നാക്ക് പൊക്കാന്‍ പറ്റാത്ത പണി കൊടുക്കുമെന്നെനിക്ക് ഉറപ്പ് തരണം!!

അത് ഞാന്‍ ഏറ്റ് കുഞ്ഞൂട്ടാ..

മാധുവിന്റെ കൂരയുടെ കതകില്‍ ഒരെഴുത്ത് മാത്രം ബാക്കിവച്ച് രാഘവനും കുഞ്ഞൂട്ടനും മാധുവും ആ രാത്രി ആ നാട് വിട്ട് പോയി!. പുതിയൊരു ജീവിതസ്വപ്നമാണയാളെ മാറ്റിയെടുത്തത് കൂടെ എടുത്ത് ചാടി ജീവിതം നശിപ്പിക്കാതെ കുഞ്ഞൂട്ടനേയും അയാള്‍ കൂടെക്കൂട്ടി.

ആ കത്ത് കിട്ടിയത് ചിന്നമ്മക്കായിരുന്നു, ഇനി തിരിച്ചുവരില്ലെന്നും അജയനോട് ഒരു പകയുമില്ലെന്നുമൊക്കെയുള്ള കത്ത് കണ്ട് ചിന്നമ്മ അന്തിച്ചു!.പക്ഷെ ആ കത്ത് ചിന്നമ്മയല്ലാതെ മറ്റാരും കണ്ടില്ല. പകരം നാട്ടുകാര്‍ കണ്ടത് ചിന്നമ്മ എഴുതിയ കത്തായിരുന്നു, അതില്‍ അജയനോട് കരുതിയിരിക്കാനുള്ള മുന്നറിയുപ്പുണ്ടായിരുന്നു അജയനെ ഒളിപ്പിക്കുന്ന നാട്ടുകാരോടുള്ള പകയുണ്ടായിരുന്നു.

സുധേ!സുധേ ഇത് ചിന്നേച്ചിയാ...

എന്താ ചിന്നേച്ചി?

മോളെ അജയനെന്തിയേ? ആ രാഘവന്‍ ചന്തയില്‍ ആളെ പറഞ്ഞുവിട്ടിരിക്കുന്നു, അജയന്‍ ഇവിടുണ്ടോന്നറിയാന്‍

സുധ പിന്നെയും ദേവിയെ വിളിച്ചു കരഞ്ഞു, ദേവസ്യ അജയനെ ഒളിപ്പിച്ചു, അവസാനം ചിന്നമ്മ സുധയുടെ കയ്യില്‍ നിന്നും നൂറു രൂപയുടെ നോട്ടുകളുമായ് നടന്നു!
ആ പോക്കില്‍ അവര്‍ വിളിച്ചുപറഞ്ഞു

പേടിക്കണ്ട മോളേ ഞാനുള്ളടത്തോളം കാലം അവനീ മുറ്റത്ത് കാല് കുത്തുകേല!!

സുധയും അജയനും ദേവസ്യയും നാട്ടുകാരും രാഘവന്റെ വരവ് പ്രതീക്ഷിച്ചു പേടിച്ചു ജീവിച്ചു . ആ പേടി ചിന്നമ്മ മരിക്കുന്നതു വരെയും നിലനിന്നു.

Saturday, May 21, 2011

ഒറ്റക്കയ്യന്‍ മൃഗം




1987 june 7 ഞായറാഴ്ച സമയം പതിനൊന്നടുത്താവുന്നു . ശാന്തമായിരുന്ന പ്രസവ വാര്‍ഡിലേക്ക് ഒരു ഫോണ്‍ കോള്‍, മാസിക വായിച്ചിരുന്ന നേഴ്സുമാര്‍ ഉഷാറായ് . അന്ന് ഓഫ് എടുത്തിരുന്ന വീണ ഡോക്ടര്‍ ഓടിയെത്തി. അന്നമ്മ നേഴ്സു വരാന്തയിലൂടെ മേരിക്കുട്ടിയുടെ ഭര്‍ത്താവിനെ തേടി നടന്നു.
"കുഞേ കുഴപ്പം ഒന്നും വരില്ല ദേ ഡോക്ടര്‍ വരുന്നു" ആദ്യ പ്രസവത്തെ വെറുക്കാന്‍ തുടങിയിരുന്ന മേരിക്കുട്ടിയെ ചെല്ലമ്മ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു
ഓഫ് ഡേ നഷ്ടപെട്ട സങ്കടവും കളക്ടര്‍ പറഞ്ഞ വഴക്കിന്റെ ദേഷ്യവും എല്ലാം മുഖത്തുണ്ടെങ്കിലും അതെല്ലാം മറച്ചുവച്ച്
നിങളാണോ മേരിക്കുട്ടി ? നിങളുടെ ഭര്‍ത്താവ് വന്നിട്ടില്ലേ എന്നു വീണ ഡോക്ടര്‍ ചോദിച്ചു
" ഉണ്ട് ആ വരാന്തയിലെവിടേലും കാണും " ഭര്‍ത്താവെവിടെയെന്ന് അറിയില്ലാഞ്ഞിട്ടും മേരിക്കുട്ടി വേദന സഹിച്ചു പറഞ്ഞു
"ഈ ആശുപത്രി പരിസരത്തെങും ഇവളുടെ ഭര്‍ത്താവില്ല" നടന്നു ക്ഷീണിച്ച അന്നമ്മ നേഴ്സ് മേരിക്കുട്ടിയുടെ കള്ളം പൊളിച്ചു
"ഇതു നിങളുടെ അമ്മയാണോ" ചെല്ലമ്മയെ നോക്കി വീണ ഡോക്ടര്‍ ചോദിച്ചു
മേരിക്കുട്ടി പിന്നെയും കള്ളം പറഞ്ഞു "അതെ"!
മേരിക്കുട്ടിയെ ഓപ്പറേഷന്‍ റൂമിലേക്കു മാറ്റുന്നതിനിടെ ചെല്ലമ്മ തനിക്കു മനസ്സിലാവാത്ത പേപ്പറുകളില്‍ വിരലടയാളം പതിച്ചു.
മേരിക്കുട്ടിയുടെ ഭര്‍ത്താവ് കശാപ്പുകാരന്‍ ഇട്ടൂപ്പ് അപ്പോള്‍ അകന്ന ബന്ധത്തില്‍ പെട്ട കളക്ടര്‍ക്കു നന്ദി പറഞ്ഞ് ആശുപത്രിയിലേക്കു ഓടുകയായിരുന്നു.ആശുപത്രിയുടെ മുന്നിലെത്തിയപ്പോള്‍ അയാളുടെ കൈകാലുകള്‍ വിറക്കാന്‍ തുടങി. അവിടെ കണ്ട തമിഴന്റെ പെട്ടിക്കടയില്‍ ധൈര്യത്തിന് എന്തെങ്കിലും കിട്ടുമോ എന്നു തിരക്കി.
"തമ്പി ചാര്‍ളീ!! സാറുക്ക് തണ്ണി കൊട്റാ" തമിഴന്‍ തന്റെ ആറേഴു വയസ്സു തോന്നിപ്പിക്കുന്ന കുഞ്ഞിനെ നോക്കി അലറി
ചാര്‍ളിയുടെ വള്ളിനിക്കറില്‍ ഒളിപ്പിച്ചിരുന്ന കുപ്പിയില്‍ നിന്നും ധൈര്യം നേടി ഇട്ടൂപ്പ് ആശുപത്രിയിലേക്കു കയറി.
അപ്പൊഴേക്കും മേരിക്കുട്ടി ഒരു സുന്ദരി കുഞ്ഞിനു ജന്മം നല്‍കിയിരുന്നു. അവര്‍ ആ സുന്ദരിക്കുട്ടിയെ നീനയെന്ന് വിളിച്ചു. നീനയെ കണ്ട ഇട്ടൂപ്പിനു മേരിക്കുട്ടിയോട് സ്നേഹം കൂടി ആ സ്നേഹം മേരിക്കുട്ടിയേ പിന്നെയും ഗര്‍ഭിണിയാക്കി.മേരിക്കുട്ടി പിന്നെയും പെറ്റു അപ്രാവശ്യം ഒരാണ്‍കുഞ്ഞ് .ഇട്ടൂപ്പിന് രണ്ടു പെറ്റ മേരിക്കുട്ടിയോടുള്ള സ്നേഹമൊക്കെ കുറഞ്ഞു. ഇട്ടൂപ്പിന്റെ വീട്ടില്‍ വരവു തന്നെ വല്ലപ്പോഴും ആയി. മക്കളെ വളര്‍ത്താന്‍ മേരിക്കുട്ടി ജോലിക്കു പോയി.
അയനൂര്‍ ഗ്രാമം ഞായറാഴ്ചകളില്‍ ഉണരുന്നത് ഇട്ടൂപ്പ് തലക്കടിച്ചു കൊല്ലുന്ന കാളയുടേയും പശുവിന്റെയുമൊക്കെ കരച്ചില്‍ കേട്ടാണ്. ഞായറാഴ്ചകളില്‍ കശാപ്പും ബാക്കിയുള്ള ദിവസങ്ങളില്‍ മദ്യത്തില്‍ മുങ്ങിയും അയാള്‍ നടന്നു. ചിലപ്പോള്‍ ഓടയില്‍ ചിലപ്പോള്‍ കശാപ്പുശാലയില്‍ അതുമല്ലെങ്കില്‍ ശാപ്പില്‍ അയാള്‍ ഉറങ്ങി.
നീന വളര്‍ന്നു! ആരോടും അധികം മിണ്ടില്ലെങ്കിലും നിഷ്കളങ്കയായ കണ്ണുകളിലെ പ്രകാശം മങ്ങാത്ത അവളെ എല്ലാവരും സ്നേഹിച്ചു. അവളെ ശുണ്ടി പിടിപ്പിക്കാന്‍ കൂട്ടുകാര്‍ അവളുടെ അടുത്തു ചെന്ന് കാള കരയുന്നതുപോലെ കരയും ആദ്യമൊക്കെ അത് കേട്ട് അവളും കരഞ്ഞു പിന്നെ ചിരിച്ചു പിന്നെ ദേഷ്യത്തോടെ മുഖം തിരിച്ചു.നീന അപ്പനെ തിരിച്ചുകിട്ടാന്‍ മാതാവിനോട് ദിനവും തിരി കത്തിച്ചു പ്രാര്‍ത്ഥിച്ചു . മേരിക്കുട്ടി മക്കളുടെ ഭാവിയെക്കുറിച്ചു മാത്രം ഓര്‍ത്തു പ്രാര്‍ത്ഥിച്ചു . നീന പ്ലസ് ടു നല്ല ശതമാനത്തില്‍ പാസായ് മെരിക്കുട്ടിയും നീനയും കുഞ്ഞനിയനും മാതാവിനു നന്ദി പറഞ്ഞു. ഇട്ടൂപ്പും അതാഘോഷിച്ചു അയനൂര്‍ കവലയില്‍ ഇട്ടൂപ്പ് നൃത്തം വച്ചു. അവള്‍ക്കുവേണ്ടി ആ ഞായറാഴ്ച മുഴുത്ത കാളയേയും ആട്ടിന്‍ കുട്ടിയേയും കോടാലി കൊണ്ടു തലക്കടിച്ചു കൊന്നു, എങ്കിലും അയാള്‍ വീട്ടില്‍ പോയില്ല!.
കോളേജില്‍ ചേരാന്‍ കൊതിച്ചിരുന്ന നീനയെ മേരിക്കുട്ടി തന്റെ നിസഹായവസ്ഥ പറഞ്ഞു ബോധിപ്പിച്ചു. അങ്ങനെ നീന അയനൂരിലെ ഒരു തുണിക്കടയില്‍ ജോലിക്കാരിയായ് . പുസ്തകം പൊതിഞ്ഞിരുന്ന കൈകള്‍ തുണി പൊതിഞ്ഞു, എങ്കിലും ഒരു ജോലിക്കാരിയായതിന്റെ സന്തോഷത്തില്‍ അവള്‍ കോളേജ് ജീവിതത്തിന്റെ നഷ്ട്ടത്തെ മറന്നു. ടൗണിലെ പുതിയ മാളില്‍ തന്റെ കട ബ്രാഞ്ചു തുറന്നപ്പോള്‍ നീനക്ക് അങ്ങോട്ട് പോകേണ്ടിവന്നു. കൂടുതല്‍ ശമ്പളവും മമ്മിക്കും അനിയനും താമസിക്കാന്‍ വീടും തരാമെന്ന് പറഞ്ഞപ്പോള്‍ അവള്‍ മറ്റൊന്നാലോചിക്കാതെ സമ്മതം മൂളി.സ്വപ്നങ്ങളും മോഹങ്ങളും നിറഞ്ഞ മനസ്സുമായ് നീന അയനൂര്‍ വിട്ടു. മേരിക്കുട്ടിക്കു മോളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അഭിമാനം തോന്നി. മേരിക്കുട്ടി അവള്‍ക്കുവേണ്ടി അലോചനകള്‍ തുടങ്ങിയിരുന്നു.
2011 February 1 പെണ്ണുകാണല്‍ ചടങ്ങിനായ് നീന ഉച്ച കഴിഞ്ഞ് വീട്ടിലേക്കു തിരിച്ചു. ട്രെയിനിലെ ജനാലയിലൂടെ അവള്‍ അനുരാഗത്തോടെ ഭൂമിയെ നോക്കുന്ന ആകാശത്തെനോക്കി ഒന്നു ചിരിച്ചു. ഒഴിഞ്ഞു കടന്ന കംബാര്‍ട്ടുമെന്റില്‍ അവളും അവളുടെ സ്വപ്നങ്ങളും മാത്രം . കുറച്ചകലെ നിന്നും ഒരാള്‍ തന്നെ നോക്കുന്നത് നീന കണ്ടു. അയാള്‍ നീനയുടെ അടുത്ത സീറ്റില്‍ വന്നിരുന്നു. നീന മാതാവിന്റെ ലോക്കറ്റില്‍ മുറുകെ പിടിച്ചു എത്രയും ദയയുള്ള മാതാവിന്റെ പ്രാര്‍ത്ഥന ചൊല്ലാന്‍ തുടങ്ങി. പെട്ടെന്ന് അടുത്തിരുന്ന ഒറ്റക്കയ്യന്‍ അവളുടെ നേര്‍ക്കു ചാടിവീണു അവള്‍ കുതറിമാറി, അയാള്‍ അവളെ തന്നിലേക്ക് വലിച്ചടുപ്പിക്കാനും മാറോട് ചേര്‍ത്ത് അവള്‍ പിടിച്ച ബാഗിനെ അയാള്‍ പറിച്ചെടുക്കാനും നോക്കി തിരിഞ്ഞോടാന്‍ ശ്രമിച്ച അവളെ അവന്‍ വാതിക്കലേക്കു പിടിച്ചു തള്ളി, വീഴാതെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും അവള്‍ക്കു കഴിഞ്ഞില്ല
" ഈശൊ മറിയം ഔസേപ്പേ എനിക്കു കൂട്ടായിരിക്കണേ " നീനയുടെ കരച്ചിലില്‍ ആ പ്രാര്‍ത്ഥനയും കൂട്ടുചേര്‍ന്നു. പക്ഷെ ദൈവങ്ങളാരും എത്തിയില്ല
തീവണ്ടിപാളത്തിലേക്കു തന്നെ വലിച്ചെഴച്ച ഒറ്റക്കയ്യന്‍ മൃഗത്തിന്റെ ശക്തിയില്‍ ആ പനിനീര്‍പുഷ്പ്പം ചതഞ്ഞരഞ്ഞു. തന്റെ തലക്കുനേരെ ഉയര്‍ന്ന കരിങ്കല്ലു കണ്ടവള്‍ നിലവിളിച്ചു, പക്ഷെ മനുഷ്യ കുലത്തിലാരും അതു കേട്ടില്ല . പിന്നെ അവര്‍ കേട്ടത് വാര്‍ത്തകളായിരുന്നു. നേതാക്കള്‍ പ്രസംഗിച്ചു, സാംസ്ക്കാരിക നായകരും വനിതാപ്രവര്‍ത്തകരുമൊക്കെ കണ്ണീരൊഴുക്കി. വികാരങ്ങള്‍ എടുത്ത് മാറ്റപ്പെട്ട മനസ്സുമായ് നിന്ന മേരിക്കുട്ടി മാത്രം കരഞ്ഞില്ല. ഇട്ടൂപ്പ് ഓടി അവള്‍ ജനിച്ച ദിവസം ആശുപത്രിയിലേക്കോടിയതിനേക്കാള്‍ വേഗത്തില്‍, നീനയുടെ പൊതിഞ്ഞ ശരീരം കണ്ടയാള്‍ ലഹരിയില്ലാതെ അലറി. തന്റെ കോടാലിയടിയേറ്റു വീഴുന്ന കാളയെപ്പോലെ അയാള്‍ കുഴഞ്ഞുവീണു.
പോലീസ് ആ ഒറ്റക്കയ്യന്‍ മൃഗം ചാര്‍ളിയെന്ന തമിഴനെ അറസ്റ്റു ചെയ്തു. കുറച്ചുനാള്‍ ചര്‍ച്ച ചെയ്തിട്ടു പത്രങ്ങളും ജനവുമെല്ലാം നീനയെ മറന്നു. ചാര്‍ളി താന്‍ നിരപരാധിയാണെന്ന് കോടതിയില്‍ പറഞ്ഞു ആ മൃഗത്തിനുവേണ്ടി വേറെയും കുറേ മൃഗങ്ങള്‍ കോടതിയില്‍ വാദിച്ചു. എല്ലാം നഷ്ട്ടപ്പെട്ട മേരിക്കുട്ടി ഓര്‍ത്തു അന്നമ്മ നഴ്സിനെയും വീണ ഡോക്ടറേയും ചെല്ലമ്മയേയും തന്നോട് ഒട്ടികിടന്ന കുഞ്ഞിനേയും.ഇട്ടൂപ്പ് പിന്നെ കശാപ്പ് ചെയ്തില്ല അയാളുടെ കണ്ണില്‍ മുഴുവനും തലക്കടിയേറ്റ മകളായിരുന്നു. അവളുടെ ചിത്രം നോക്കി ഇട്ടൂപ്പ് ക്ഷമ ചോദിച്ചു കരഞ്ഞു.
അന്നത്തെ പത്രവാര്‍ത്ത കണ്ട ഇട്ടൂപ്പ് കരഞ്ഞില്ല പകരം അയാളുടെ രക്തം കട്ടപിടിച്ച കണ്ണുകള്‍ തിളച്ചു!!!
"തെളിവുകളുടെ അഭാവത്തില്‍ കോടതി ചാര്‍ളിയെ വെറുതെ വിട്ടു"
പിറ്റേന്നു രാവിലെ അയനൂര്‍ ഗ്രാമം ഒരു ഒറ്റക്കയ്യന്‍ മൃഗത്തിന്റെ കരച്ചില്‍ കേട്ടു , കുറേ നാളായ് കശാപ്പില്ലാതിരുന്ന കശാപ്പുശാലയില്‍ നിന്നും കേട്ട നിലവിളി അയനൂര്‍ ഗ്രാമത്തെ ഉണര്‍ത്തി. ഇറച്ചി കൊതിച്ചെത്തിയ ജനവും കാക്കകളും കാവാലി പട്ടികളും ആ കാഴ്ച കണ്ടു, രക്തത്തില്‍ കുളിച്ചു കിടന്ന ഒറ്റക്കയ്യന്‍ ചാര്‍ളിയേയും കാളയെറച്ചി തൂക്കിയിടുന്ന കയറില്‍ കിടന്നാടുന്ന ഇട്ടൂപ്പിനേയും.

Sunday, May 8, 2011

പ്രേമത്തിന്റെ ഭാഷ




എന്റെ പേര് അലക്സ് , ജനനം 1983 മരണം 2009 അതെ രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ മരിച്ചു . അതിനുശേഷം പ്രായം കൂടിയിട്ടില്ലാത്തതിനാല്‍ ഞാന്‍ ഇന്നും ഒരു ഇരുപത്തിയാറുകാരനായ്‌ തുടരുന്നു . മരിച്ചുവെങ്കില്‍ പിന്നെ ചിന്തിക്കുന്നതും സംസാരിക്കുന്നതും അത് എഴുതുന്നതുമൊക്കെ ആര് എന്ന്‍ നിങ്ങള്‍ക്ക് സ്വാഭാവികമായും ചിന്തിക്കാം അതിനുത്തരമായ് ഞാന്‍ എന്താ പറയുക ഞാന്‍ ജിവിച്ചിരുന്നപ്പോഴും അങ്ങനെ തന്നെയായിരുന്നു . ഞാന്‍ സംസാരിച്ചതാരും കേട്ടില്ല ഞാന്‍ എഴുതിയതാരും വായിച്ചതുമില്ല. ഏകാന്തത ഒരു ശാപമാണെന്ന് കേട്ടിട്ടില്ലേ ? എനിക്കങ്ങനെ തോന്നിയിട്ടില്ല, എന്റെ ഏകാന്തത ഞാന്‍ ആസ്വദിക്കുകയായിരുന്നു ഓരോ നിമിഷവും അതെനിക്കു സുഖവും ഉന്മാദവുമൊക്കെ തന്നു. എന്നെക്കാള്‍ നന്നായ് അത് ആരെങ്കിലും ആസ്വദിച്ചിട്ടുണ്ട് എന്നെനിക്കു തോന്നുന്നില്ല. ഒരു ചില്ലുകൊട്ടാരം പണിത് അതില്‍ നിന്നും പുറം ലോകത്തെ അകറ്റിനിര്‍ത്തി ഞാന്‍ ഞാനെന്ന സ്വാര്‍ഥന്‍ ജിവിച്ചു. പക്ഷെ മരണം എന്റെ കൊട്ടാരത്തെ തകര്‍ത്ത്‌ എന്റെ സുഖത്തെ നശിപ്പിച്ച് എന്നെയും കൊണ്ടെങ്ങോട്ടോ പോയ്‌ .

പിന്നെ കുറെ നാള്‍ ഞാന്‍ ഒന്നും അറിഞ്ഞില്ല, നിദ്ര സ്വപ്‌നങ്ങള്‍ പോലുമില്ലാത്ത നിദ്ര!. പിന്നിടെപ്പോഴോ ജീവിതം എന്നില്‍ നിന്നകന്നുപോയ് എന്ന സത്യം മനസ്സിലാക്കി ഞാന്‍ ഉണര്‍ന്നു. മരണം എന്റെ ചില്ലുകൊട്ടാരത്തെ ശവപറമ്പിലേക്ക് മാറ്റിയിരിക്കുന്നു , ദേഷ്യവും സങ്കടവും കൊണ്ട് ഞാന്‍ നിലവിളിച്ചു പക്ഷെ ഇവിടെയും അത് കേള്‍ക്കാന്‍ ആരുമുണ്ടായിരുന്നില്ല. പിന്നെയും ഞാന്‍ ഒറ്റക്ക് എന്ന്‍ നിങ്ങള്‍ ധരിക്കരുത് ഇവിടെ നിറച്ച് ആള്‍ക്കാരുണ്ട് കൊച്ചുകുട്ടികള്‍ മുതല്‍ മുത്തശന്മാര്‍ വരെ. ഇവിടെ കിടന്നു നോക്കിയാല്‍ സുര്യന്റെ അസ്തമയം കാണാം, പിന്നെ ചക്രവാളം മുറിച്ചുകടന്നു സുര്യന്‍ മറയുന്ന അതെ താഴ്വാരത്തിലേക്ക് പക്ഷികള്‍ കുടണയാന്‍ പോകുന്നതും കാണാം. അതിരാവിലെ സുര്യന്റെയും പക്ഷികളുടെയും മടങ്ങിവരവ് ആദ്യമായ് കാണുന്നതും ഞാനാണ്. എന്റെയടുത്ത് ആരോ ഒരു തണല്‍മരം വളര്‍ത്തിയിരിക്കുന്നു അതിനാല്‍ എനിക്ക് വെയിലും ഏല്‍ക്കില്ല. രാവിലെ ഇലകളില്‍ നിന്നും ഇറ്റുവിഴുന്ന മഞ്ഞുതുള്ളികള്‍ എന്റെ കണ്ണിലേക്കാണു വിഴുക. മരണത്തെ ഞാന്‍ അങ്ങനെ സ്നേഹിക്കാന്‍ ആരംഭിച്ചു ഇത്രയും സുന്ദരമായ്‌ എന്നെ ആരും ഉണര്‍ത്തിയിട്ടില്ല ഇത്രയും സുന്ദരമായ കാഴ്ചകള്‍ ഇതിനു മുമ്പ് ഞാന്‍ കണ്ടിട്ടുമില്ല. അങ്ങനെ ഈ ശവപറമ്പിലെ ജിവിതം ഞാന്‍ ആസ്വദിക്കാന്‍ തുടങ്ങി .
ഒരു ദിവസം ഉച്ചമയക്കത്തില്‍ നിന്നും എന്നെ ഉണര്‍ത്തിയത് കുടണയാന്‍ പോയ പക്ഷികള്‍ അല്ലായിരുന്നു കരച്ചിലും നിലവിളിയും ആരൊക്കൊയോ ഒരു ശവപെട്ടിയും താങ്ങി വരുന്നു അവരുടെ കുടെ പള്ളീലച്ചനും കുറേ ജനങ്ങളും അവരുടെ കരച്ചിലും നിലവിളിയും സഹിക്കാവുന്നതിലും അപ്പുറം. എന്റെ സുഖജീവിതത്തിന്റെ അവസ്സാനമായിരുന്നു പിന്നീട്, അവര്‍ എന്റെയടുത്താണ് പുതിയ ആളെ കുഴിച്ചുമൂടിയത്. പിന്നെ കുറേ നാള്‍ ഒരു സ്വസ്തതയും ഇല്ല! വല്ലാത്ത നാറ്റവും രാവിലെയും വൈകിട്ടുമൊക്കെ പ്രാര്‍ഥനയും എന്റെയടുത്ത് അവര്‍ വീടുകെട്ടുന്ന അവസ്ഥ!, സഹിക്കെട്ട് ഞാന്‍ തിരിഞ്ഞുകിടന്നു .
താഴത്തെ വരിയിലെ പലിശകാരന്റെയോപ്പം വരില്ലെങ്കിലും ഒരുവിധം മനോഹരമായ കല്ലറയായിരുന്നു അവര്‍ എന്റെയടുത്ത് പണിതിട്ടത് . ഞാന്‍ വളഞ്ഞും തിരിഞും പാടുപട്ടത് വായിക്കാന്‍ ശ്രമിച്ചു റോയ് ജനനം 1985 മരണം 2011 . രണ്ടു ഇരുപത്തിയാറുകാരെ ഒരുമിച്ചിടാന്‍ അവര്‍ക്കെങനെ തോന്നി?
ചില വൈകുന്നേരങളില്‍ എന്റെ നെഞ്ജത്തിരുന്നു മദ്യപിക്കാനും മഞ്ഞപുസ്തകം വായിക്കാനും എത്തുന്നവരില്‍ നിന്നും അവന്റെ കഥ ഞാന്‍ കേട്ടറിഞ്ഞു.
അവന്‍ എന്നെപോലെയല്ല ലോകത്തിന്റെ പല ഭാഗങ്ങളും ഇത്രയും കുറച്ചുനാള്‍ കൊണ്ട് അവന്‍ കണ്ടിരുന്നു, ഇങ്ലീഷും ഹിന്ദിയും കൂടാതെ ഫ്രെഞ്ച് ഇറ്റാലിയന്‍ സ്പാനിഷ് തുടങ്ങിയ ഭാഷകളും അവനറിയാം. അവന്‍ എടുത്തതും വരച്ചതുമായ ചിത്രങള്‍ വക്കുകള്‍ക്കു വര്‍ണ്ണിക്കാന്‍ പറ്റാത്തത്ര സുന്ദരങ്ങളത്രെ. അവന്റെ അകാലമരണത്തില്‍ നാട് മൊത്തം കരഞ്ഞു, കടകള്‍ തുറന്നില്ല, വിദ്യാലയങ്ങളില്‍ കുട്ടികള്‍ കറുത്ത ബാഡ്ജ് ദരിച്ചു. അവന്റെ അല്പ്പായുസ്സിനെക്കുറിച്ചോര്‍ത്ത് എല്ലാവരും വിലപിച്ചു.അറിഞ്ഞോ അറിയാതയോ എന്റെ ഭ്രാന്തന്‍ മനസ്സ് അവനുമായ് എന്നെ സാമ്യപ്പെടുത്താന്‍ തുടങ്ങി. അവന്‍ കണ്ട ലോകങ്ങള്‍ അവന്‍ സംസാരിച്ച ഭാഷകള്‍ അവന്‍ എടുത്തതും വരച്ചതുമായ ചിത്രങ്ങള്‍ അവന്റെ വിടവാങ്ങലില്‍ വിലപിച്ച ജനങ്ങള്‍. എന്റെ ഭ്രാന്തന്‍ മനസ്സിന്റെ ചിന്തകളില്‍ ഞാന്‍ കോപിച്ചു , അവനെയും എന്നെയും എങ്ങനെ സാമ്യപ്പെടുത്താന്‍ കഴിയും? എന്നെക്കാള്‍ സുന്ദരമായ ജിവിതം വേറെ ആര്‍ക്കാണുള്ളത് കുറെ ഭാഷകള്‍ സംസാരിച്ച് കുറേ രാജ്യങ്ങളില്‍ കൂടി തെണ്ടി നടന്നു കുറെ പടമെടുക്കുന്നതില്‍ എന്ത് സുഖം ? ഒന്നുമില്ല ! പിന്നെ ചത്തുകഴിഞ്ഞിട്ടു ജനം വിലപിച്ചെട്ടെന്തുകാര്യം? അതിനേക്കാള്‍ എത്രയോ ഭാഗ്യവാനാണ് ഞാന്‍ ജീവിതത്തില്‍ ഒരുത്തരവാദിത്വത്തിലും ചെന്നു പെടാതെ സുന്ദരമായ എകാന്തജീവിതം, മരിച്ചുകഴിഞ്ഞപ്പഴോ താഴ്വാരത്തില്‍ നിന്നും സൂര്യന്‍ ഉണരുന്നതും പക്ഷികള്‍ കൂടണയുന്നതും ഒക്കെ കണ്ടു സുന്ദരമായ വിശ്രമം. എന്തുകൊണ്ടും ഞാന്‍ തന്നെയാണ് ഭാഗ്യവാന്‍ . തല തിരിച്ച് റോയിയെ നോക്കി പുച്ഛം തോന്നി പാവം എവിടെയൊക്കെ പോയി എന്തൊക്കെ കണ്ടു എന്തൊക്കെ പറഞ്ഞു എന്ത് ഭലം അവസാനം നീയും ഞാനുമെല്ലാം ദേ ഇവിടെ കിടക്കുന്നു. മരണത്തിനു ശേഷം നീയും ഞാനുമെല്ലാം ഒരുപോലെ!, വിലപിച്ച ജനവും ബന്ധുക്കളും എല്ലാം അകലെ! മരണത്തിനപ്പുറം എന്തു സ്നേഹം ? എന്നെ എന്റെ എകാന്തചില്ലുകൊട്ടാരത്തിലാക്കിയ സിന്ദാന്തങള്‍!! അവയെല്ലം സത്യങ്ങളാവുകയാണ് . സൂര്യന്‍ മറഞ്ഞിരിക്കുന്നു, അകാശത്ത് നക്ഷത്രങ്ങള്‍ നിറഞ്ഞിരിക്കുന്നു മാനത്തുനിന്നും കണ്ണിറുക്കി ചന്ദ്രന്‍ ഉറങ്ങാന്‍ അനുവാദം തന്നു.

സ്വപ്നങ്ങള്‍ എന്റെ മനസ്സില്‍നിന്നും അകന്നുപോയെന്നു ഞാന്‍ കരുതിയെങ്കിലും അതാ മാലാഖയെപ്പോലെ ഒരു പെണ്‍കുട്ടി എന്റടൂത്തേക്ക് നടന്നു വരുന്നു. അതെ അവള്‍ എന്റെടുത്തേക്കുതന്നെയാണു വരുന്നത് . മാലാഖയെപ്പോലെയെങ്കിലും അവളുടെ മുഖവും കണ്ണുകളും ദുഖത്താല്‍ താണിരിക്കുന്നു. ഒതുങ്ങിയിരുന്ന മുടികളില്‍ ചിലത് ഇടക്ക് ഇടക്ക് അലസ്സമായ് അഴിഞ്ഞു പറക്കുന്നു.എന്തിനാണ് നിന്റെ മുഖത്തീ ദുഖം അവളോട് ചോദിക്കുവാന്‍ തോന്നി, വേണ്ട അവളുടെ കൊലുസ്സിന്റെ സംഗീതത്തെ തടസ്സപ്പെടുത്തുന്നതെങ്ങനെ ? തണല്‍ മരത്തിന്റെ ചില്ലയില്‍ നിന്നും ഒരു മഴത്തുള്ളി എന്റെ കണ്ണില്‍ വീണു! ഞാന്‍ കണ്ണുതുറന്ന് താഴ്വാരത്തില്‍ നിന്നും മടങ്ങിവരുന്ന സൂര്യനെ നോക്കി പക്ഷെ അതിനേക്കാള്‍ ശോഭയോടൂകൂടി അവള്‍ അടുത്തേക്കുവരുന്നു. പ്രഭാതസൂര്യന്റെ ആഗമനത്തെ ഞാന്‍ സുന്ദരമായ കാഴ്ച്ച എന്നു വിളിച്ചെങ്കില്‍ അവളുടെ വരവിനെ ഞാന്‍ എങനെയാണു വര്‍ണ്ണിക്കുക. അതിസുന്ദരം! പണ്ടെപ്പോഴോ കണ്ട നാടകത്തിലെ വരികള്‍ ഓര്‍മ്മ വരുന്നു പ്രിയേ നിന്റെ സൗന്ദര്യം ഒരു നിമിഷം കൊണ്ടെന്നെ കലാകാരനാക്കിയിരിക്കുന്നു, ഒരടിമയെപ്പോലെ ഇതാ ഞാന്‍ നിന്റെ മുന്നില്‍ മുട്ടുകുത്തുന്നു!!!.

ഞാന്‍ അവളുടെ മുന്നിലല്ല അവള്‍ റോയിയുടെ മുന്നില്‍ മുട്ടുകുത്തി.എന്റെ വേദന ഞാന്‍ സഹിക്കാതെ നിവര്‍ത്തിയില്ല.

അവളുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു, കണ്ണുനീരില്‍ അവളുടെ മുഖം തിളങ്ങുന്നു.അവര്‍ സംസാരിക്കുകയാണ് പക്ഷെ അവരുടെ ഭാഷ എനിക്കു മനസ്സിലായില്ല. എന്നും പ്രഭാതസൂര്യന്റെയൊപ്പം അവള്‍ വന്നു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവളുടെ കരച്ചില്‍ മാറി ഇപ്പോള്‍ അവള്‍ സന്തോഷവതിയാണ്. അവര്‍ സംസാരിക്കുന്നതെന്തെന്നറിയാന്‍ ഞാന്‍ ഒത്തിരി ശ്രമിച്ചു പക്ഷെ കഴിഞ്ഞില്ല.

സ്നേഹത്തെയും അതു തന്ന ബന്ദനങ്ങളേയും എന്റെ ചില്ലുകൊട്ടാരത്തിനു പുറത്താക്കിയ സിദ്ദാന്തങ്ങളുടെ തോല്‍വി ഞാനിപ്പോള്‍ അറിയുന്നു. മരണത്തില്‍ അവസ്സാനിക്കാത്ത സ്നേഹം എന്തെന്ന് ഞാനറിയുന്നു ആ സ്നേഹത്തെ ഞാന്‍ കാണുന്നു പക്ഷെ അത് വര്‍ണ്ണിക്കുവാന്‍ എനിക്കു ആവില്ല കാരണം പ്രേമത്തിന്റെ ഭാഷ എന്തെന്നെനിക്കറിയില്ല. റോയിക്കു നെറ്റിയില്‍ ചുംബനം നല്‍കി അവള്‍ തിരിഞ്ഞു നടക്കുകയാണ് . താഴ്വാരത്തില്‍ നിന്നും മടങ്ങി വന്ന പക്ഷികള്‍ എന്നെ കളിയാക്കി പറന്നു പോയ്.......!.